'ഞാൻ പറഞ്ഞില്ലെ, പിത്തിരാജ് കൂടെ പഠിച്ചതാണെന്നു'; സാമൂഹ്യമാധ്യമങ്ങളിൽ ചിരിയുണർത്തി കല്ലു നമസ്വി
Thursday, September 25, 2025 3:38 AM IST
റിലീസിന് പിന്നാലെ ഗൗരവതരമായ ചർച്ചകൾക്ക് വഴിവച്ച എന്പുരാൻ സിനിമയെയും സംവിധായകൻ പൃഥ്വിരാജിനെയും കുറിച്ച് ആരിലും ചിരിയുണർത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കല്ലു ബേബി നമസ്വി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കല്ലു നമസ്വി എന്ന കൊച്ചുമിടുക്കിയുടെ കൊഞ്ചൽ കലർന്ന വാക്കുകളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുന്നത്.
വീഡിയോയ്ക്ക് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ കമന്റ് ചെയ്തതോടെ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്. കല്ലു അമ്മയോട് വിശേഷങ്ങൾ പറയുന്നതിനിടയിലാണ് എന്പുരാനിലെ പൃഥ്വിരാജിനെ കുറിച്ചും രസകരമായ വാക്കുകൾ പറയുന്നത്.
കല്ലുവിനോട് അപ്പോഴാണോ പൃഥ്വിരാജിനെ ഇഷ്ടമായതെന്ന് ചോദിക്കുന്ന അമ്മയോട് അതെയെന്ന് മൂളിയ ശേഷം 'ഞാനും എമ്പുരാനിലെ പിത്തിരാജും ഒരു സ്കൂളിലാണ് പഠിച്ചത്' എന്നാണ് ചെറുപുഞ്ചിരിയോടെ കല്ലു പറയുന്നത്.
കുഞ്ഞിപല്ല് കാട്ടി ചിരിച്ച് നിഷ്കളങ്കമായി കല്ലു പറയുന്ന വാക്കുകൾ ആരിലും ചിരിയുണർത്തും. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സുപ്രിയ മേനോൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് വീഡിയോയ്ക്ക് സ്നേഹത്തിന്റെ ഒരു ഇമോജി കമന്റ് ചെയ്യുകയായിരുന്നു.
തുടർന്ന് സുപ്രിയയുടെ കമന്റ് ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് കല്ലു ബേബി നമസ്വി എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പ് 'ഞാൻ പറഞ്ഞില്ലെ, പിത്തിരാജ് കൂടെ പഠിച്ചതാണെന്നു' എന്നായിരുന്നു.
പിന്നാലെ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി പേരാണ് കുഞ്ഞ് കല്ലുവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.