ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ
Thursday, September 25, 2025 1:30 AM IST
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. സൂപ്പർ ഫോറിൽ രണ്ടാം ജയം സ്വന്തമാക്കിയാണിത്. ഇന്നലെ സൂപ്പർ ഫോറിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ 41 റണ്‍സിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 168/6. ബംഗ്ലാദേശ് 19.3 ഓവറിൽ 127.
സെയ്ഫ് ഹസനാണ് (51 പന്തിൽ 69) ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നാളെ ശ്രീലങ്കയ്ക്ക് എതിരേയാണ് സൂപ്പർ ഓവറിൽ ഇന്ത്യയുടെ അവസാന മത്സരം.
അഭിഷേക് മാത്രം
അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 6.2 ഓവറില്‍ 77 റണ്‍സ് അടിച്ചെടുത്തു. 19 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും അടക്കം 29 റണ്‍സ് നേടിയ ഗില്ലിനെ റിഷാദ് ഹുസൈന് പുറത്താക്കി. പിന്നീട് തുടരെ രണ്ടു വിക്കറ്റ് ഇന്ത്യക്കു നഷ്ടപ്പെട്ടു. മൂന്നാം നമ്പറായി ക്രീസിലെത്തിയ ശിവം ദുബെയും (2) നാലാം നമ്പറില്‍ എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (5) വെറും കാഴ്ചക്കാര്‍ മാത്രമായി. ഇവരെ ഒരുവശത്ത് നിര്‍ത്തി അഭിഷേക് നടത്തിയ ആക്രമണം ഇന്ത്യയെ 11 ഓവറില്‍ 112ല്‍ എത്തിച്ചു. 37 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറും അടക്കം 75 റണ്‍സ് നേടിയ അഭിഷേക് 12-ാം ഓവറിന്റെ ആദ്യ പന്തില്‍ റണ്ണൗട്ടായി. നേരിട്ട 25-ാം പന്തിലായിരുന്നു അഭിഷേകിന്റെ അര്‍ധശതകം.
ശേഷം പ്രളയം
അഭിഷേക് ശര്‍മ പുറത്തായതിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവും മടങ്ങിയത്. 12 മുതല്‍ 18വരെയുള്ള ഏഴ് ഓവറിനിടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത് മൂന്നു വിക്കറ്റ്, നേടിയത് വെറും 43 റണ്‍സ്. 18-ാം ഓവറില്‍ ഹാര്‍ദിക് നേടിയ രണ്ട് ഫോര്‍ അടക്കം 14 റണ്‍സ് പിറന്നത് ഉള്‍പ്പെടെയാണിത്. 12 മുതല്‍ 18വരെയുള്ള ഓവറിന്റെ ഇടയില്‍ ഒരു സിക്സും മൂന്നു ഫോറും മാത്രമാണ് പിറന്നതെന്നതും ശ്രദ്ധേയം. 18 ഓവറില്‍ 155/5 എന്ന നിലയില്‍ ഇന്ത്യയെ ബംഗ്ലാദേശ് വരിഞ്ഞു മുറുക്കി. തിലക് വര്‍മയും (5) പരാജയപ്പെട്ടപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ (29 പന്തില്‍ 38), അക്സര്‍ പട്ടേല്‍ (15 പന്തില്‍ 10 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയെ 168ല്‍ എത്തിച്ചത്.
സഞ്ജുവില്‍ അവിശ്വാസം
ഇന്ത്യന്‍ ബാറ്റിംഗ് മധ്യനിരയില്‍ ഏറ്റവും ദുര്‍ബല കണ്ണിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് എന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ ഓപ്പണിംഗ് ഇറങ്ങുന്നതോടെയാണ് സഞ്ജുവിനു മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്നത്.
ഇന്നലെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ഏഴ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ക്രീസില്‍ എത്തിയെങ്കിലും സഞ്ജിവിനെ ഇറക്കാന്‍ ടീം മാനേജ്മെന്റ് തയാറായില്ല. മൂന്നാം നമ്പറില്‍ ശിവം ദുബെയെ ഇറക്കിയെങ്കിലും ആ നീക്കം ഫലം കണ്ടില്ലെന്നതും ശ്രദ്ധേയം.