ഫൈനല്‍ സ്വപ്നം കണ്ട് ബംഗ്ലാദേശ്
Monday, September 22, 2025 1:53 AM IST
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനല്‍ സ്വപ്നം കണ്ട് ബംഗ്ലാദേശ്. ഫൈനലില്‍ കളിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം എന്നു വെളിപ്പെടുത്തിയത് യുവതാരം സെയ്ഫ് ഹസനാണ്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഒരു പന്ത് ബാക്കിവച്ച് നാലു വിക്കറ്റിനു കീഴടക്കിയശേഷമാണ് സെയ്ഫ് ഹസന്റെ ഈ വെളിപ്പെടുത്തല്‍.
“അതെ, ഞങ്ങള്‍ (ബംഗ്ലാദേശ്) ഫൈനല്‍ കളിക്കുമെന്ന ഉറച്ച വിശ്വാസത്തിലണ്. ഇവിടെ എത്തുന്നതിനു മുമ്പുതന്നെ ഫൈനല്‍ കളിക്കാമെന്നു ടീമിലെ എല്ലാവര്ക്കും വിശ്വാസമുണ്ടായിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ജയം നേടിയതോടെ ഒരു ചുവട് മുന്നിലാണ്. ഇനിയും രണ്ടു മത്സരങ്ങള്‍കൂടി ബാക്കിയുള്ളത് ഗുണകരമാണ്’’- സെയ്ഫ് ഹസന് മത്സരശേഷം പറഞ്ഞു.
ശ്രീലങ്ക മുന്നോട്ടുവച്ച 169 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്ന്നപ്പോള് ബംഗ്ലാദേശിന്റെ കൗണ്ടര്‍ അറ്റാക്ക് നയിച്ചത് ഓപ്പണര്‍ സെയ്ഫ് ഹസന് ആയിരുന്നു. 45 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം 61 റണ്‍സ് നേടിയ സെയ്ഫ് ഹസനാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. സെയ്ഫിനൊപ്പം തൗഹിദ് ഹൃദോയിയും ബംഗ്ലാദേശിന്റെ കൗണ്ടര്‍ അറ്റാക്കിനു കരുത്തേകി. 37 പന്തില്‍ രണ്ട് സിക്സും നാല് ഫോറും അടക്കം തൗഹിദ് 58 റണ്‍സ് നേടി.
സ്കോര്‍: ശ്രീലങ്ക 20 ഓവറില്‍ 168/7. ബംഗ്ലാദേശ് 19.5 ഓവറില്‍ 169/6.
സൂപ്പര്‍ ഫോറില്‍ ബുധനാഴ്ച ഇന്ത്യക്കെതിരേയും വ്യാഴാഴ്ച പാക്കിസ്ഥാനെതിരേയുമാണ് ബംഗ്ലാദേശിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. സൂപ്പര്‍ ഫോര്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടുക.