ഇന്ത്യ x ഒമാൻ മത്സരം ഇന്ന്, ബുംറയ്ക്ക് വിശ്രമം നൽകിയേക്കും
Friday, September 19, 2025 2:04 AM IST
ദുബായ്: 2025 എഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്നാം ജയം തേടി ഇന്ത്യ ഇന്ന് ഒമാനെതിരേ മത്സരിക്കും.
ഗ്രൂപ്പ് എയിൽ ആധികാരികമായ രണ്ടു ജയങ്ങളോടെ സൂപ്പർ ഫോർ ഉറപ്പിച്ചതിനാൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. പകരം അർഷ്ദീപ് സിംഗിന് അവസരമൊരുങ്ങും. എന്നാൽ, ഔദ്യോഗികമായി ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇന്ത്യ ആദ്യ മത്സരത്തിൽ യുഎഇയെ ഒന്പത് വിക്കറ്റിനും വിവാദ ചൂടിൽ നടന്ന രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിനും അനായാസം മറികടന്ന ശേഷമാണ് ഒമാനെതിരേ മത്സരിക്കാനിറങ്ങുന്നത്.
ആശങ്കകൾ ഇല്ലാത്തതിനാൽ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന്റെ ഭാരം കുറയ്ക്കാൻ ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ട്. സൂപ്പർ ഫോറിലെ നിർണായക മത്സരങ്ങളിൽ മുതൽക്കൂട്ടാക്കാൻ ബുംറയെ ഒരുക്കുകയാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
ബുംറയുടെ അഭാവത്തിൽ ഒമാനെതിരേ അർഷ്ദീപിന് നറുക്കു വീഴുമെന്നാണ് സൂചന. ട്വന്റി-20 വിക്കറ്റ് വേട്ടയിൽ ഇന്ത്യയുടെ ഒന്നാം നന്പർ താരമാണ് അർഷ്ദീപ് സിംഗ്. കുൽദീപ് യാദവടങ്ങുന്ന സ്പിൻ മാന്ത്രികതയിലാണ് ഇന്ത്യൻ പ്രതീക്ഷ.
അതേസമയം, പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സഞ്ജു സാംസണ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവർ അടങ്ങിയ മധ്യനിരയ്ക്ക് അവസരമൊരുക്കുകയെന്നതും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. രാത്രി എട്ടിനാണ് മത്സരം.