സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഖാലിദ് ജമീൽ
Monday, September 15, 2025 1:59 AM IST
ന്യൂഡൽഹി: 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഹെഡ് കോച്ച് ഖാലിദ് ജമീൽ. സിംഗപ്പൂരിനെതിരായ മത്സരത്തിനുള്ള 30 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയം. ടീമിൽ ഏഴ് മലയാളി താരങ്ങളും ഇടംപിടിച്ചു.
കാഫ നാഷൻസ് കപ്പിൽ കളിച്ച മുഹമ്മദ് ഉവൈസ്, ആഷിഖ് കുരുണിയൻ, ജിതിൻ എംഎസ് എന്നിവരും ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ പട്ടികയിൽ ഇടംനേടി. ഇവരെ കൂടാതെ അണ്ടർ 23 ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഐമൻ, വിബിൻ മോഹനൻ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് സനാൻ എന്നിവരും ടീമിലെത്തി.
വിക്രം പ്രതാപ് സിംഗ്, പാർഥിബ് ഗോഗോയ് എന്നീ യുവതാരങ്ങളും സാധ്യതാ ടീമിലുണ്ട്. ഗോൾകീപ്പർമാരായി ഗുർപ്രീത് സിംഗ് സന്ധുവും അമരീന്ദർ സിംഗുമുണ്ട്.
കാഫ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനം നേടിയതിനു പിന്നാലെയാണ് പരിശീലകൻ ഖാലിദ് ജമീൽ 30 അംഗ പ്രാഥമിക സംഘത്തെ തിരഞ്ഞെടുത്തത്. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചശേഷം തീരുമാനം മാറ്റി തിരിച്ചെത്തിയ ഛേത്രിയെ ഖാലിദ് ജമീൽ കാഫ നേഷൻസ് കപ്പിനുള്ള ടീമിലേക്ക് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെയാണ് ടീമിലേക്ക് വീണ്ടും പരിഗണിച്ചിരിക്കുന്നത്.
കാഫ നേഷൻസ് കപ്പിനുള്ള ടീമിലേക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരങ്ങളെ വിട്ടുകൊടുത്തിരുന്നില്ല. പുതിയ ടീമിൽ മോഹൻ ബഗാൻ, എഫ്സി ഗോവ ടീമുകളിലെ ചില താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
20 മുതൽ ബംഗളൂരുവിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപ്. സിംഗപ്പുരിനെതിരായ മത്സരങ്ങൾ ഒക്ടോബർ ഒന്പതിനും 14നുമായാണ് നടക്കുന്നത്.
ഇന്ത്യൻ ടീം:
ഗോൾ കീപ്പർമാർ: അമരിന്ദർ സിങ്, ഗുർമീത് സിങ്, ഗുർപ്രീത് സിങ് സന്ധു.
പ്രതിരോധം: അൻവർ അലി, ബികാഷ് യുംനം, ചിംഗ്ലസേന സിങ്, ഹമിംഗതൻമാവിയ റാൽറ്റെ, മുഹമ്മദ് ഉവൈസ്, പ്രേംവീർ, രാഹുൽ ഭകെ, റിക്കി ഹോബം, റോഷൻ സിങ്.
മധ്യനിര: ആഷിഖ് കുരുണിയൻ, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൻ സിങ്, ജിതിൻ എംഎസ്, ലൂയീസ് നിക്സൻ, മഹേഷ് സിങ്, മുഹമ്മദ് അയ്മാൻ, നിഖിൽ പ്രഭു, സുരേഷ് സിങ്, വിബിൻ മോഹനൻ.
മുന്നേറ്റം: ഇർഫാൻ യദ്വാദ്, ലില്ലിയൻസുല ചാംഗതെ, മൻവീർ സിങ് ജൂനിയർ, മുഹമ്മദ് സനാൻ, മുഹമ്മദ് സുഹൈൽ, പ്രതിപ് ഗോഗോയ്, സുനിൽ ചേത്രി, വിക്രം പ്രതാപ് സിങ്.