കുതിപ്പു നഷ്ടപ്പെട്ട് കുരുമുളക്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, September 15, 2025 1:45 AM IST
അമേരിക്ക ഉയർത്തിയ തീരുവയുദ്ധം മറികടക്കാൻ ചൈനീസ് ടയർ മേഖല തായ്ലൻഡുമായി നികുതി രഹിത റബർ ഇറക്കുമതി പദ്ധതിക്ക് തുടക്കം കുറിച്ചു. ബെയ്ജിംഗും ബാങ്കംഗും തമ്മിലുള്ള പുതിയ വ്യാപാര ഉടന്പടിയെക്കുറിച്ചുള്ള ആശങ്കയിൽ ഒരു വിഭാഗം നിക്ഷേപകർ അവധിവ്യാപാരത്തിൽനിന്നും പൊടുന്നനെ പിൻവലിഞ്ഞു.
അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക് വിപണിയെ അമ്മാനമാടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും കാലവർഷം പിൻമാറുന്നു, ദക്ഷിണേന്ത്യയിൽ പകൽ താപനില ഉയരുന്നത് ഏലം കർഷകർക്ക് ഭീഷണിയാവും. നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല, തമിഴ്നാട് ലോബി എണ്ണ വില ഉയർത്താൻ ചരടുവലി തുടങ്ങി. റിക്കാർഡുകൾ പുതുക്കി സ്വർണരഥം മുന്നേറി.
റബറിൽ പുതിയ നീക്കവുമായി ചൈന
ടയർ വ്യവസായ രംഗം പുഷ്ടിപ്പെടുത്താൻ ചൈന ഉണർന്ന് പ്രവർത്തിച്ചു, അമേരിക്കൻ തീരുവഭീഷണികൾ ടയർ ഉത്പാദനത്തിനും കയറ്റുമതിക്കും തടസം ഉളവാക്കാതിരിക്കാൻ താഴ്ന്ന വിലയ്ക്ക് അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബെയ്ജിംഗ്. മുഖ്യ റബർ ഉത്പാദക കയറ്റുമതി രാജ്യവുമായി അവർ തന്ത്രപ്രധാന നീക്കങ്ങൾ ആരംഭിച്ചു. നികുതിരഹിതമായി റബർ കയറ്റുമതിക്ക് പുതിയ പദ്ധതി അവർ ആവിഷ്കരിച്ചു. ആദ്യ പടിയായി 400 ടൺ റബറാണ് കയറ്റുമതി നടത്തുന്നതെങ്കിലും ഈ നീക്കം വിജയിച്ചാൽ പ്രതിമാസം 10,000 ടൺ റബർ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നീക്കങ്ങളെക്കുറിച്ച് ഇനിയും പൂർണ വ്യക്തത ലഭിക്കാത്തതിനാൽ നിക്ഷേപകർ രാജ്യാന്തര അവധി വ്യാപാര കേന്ദ്രങ്ങളിൽനിന്നും പൊടുന്നനെ പിന്തിരിഞ്ഞു. നികുതിരഹിതമായി റബർ കൈമാറാനുള്ള പദ്ധതി അവധിവ്യാപാരത്തിലെ ഊഹക്കച്ചവടക്കാർ വരും ദിനങ്ങളിൽ നേട്ടമാക്കി മാറ്റാം. സീറോ താരിഫ് പൈലറ്റ് പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ വിപണി വീണ്ടും സജീവമാകും. ലക്ഷക്കണക്കിന് ടൺ റബറാണ് ചൈന ഓരോ മാസവും ഇറക്കുമതി നടത്തുന്നത്, ആ നിലയ്ക്ക് ഇപ്പോഴത്തെ നികുതിരഹിത ഇറക്കുമതി തോത് തുച്ഛമായതിനാൽ ആശങ്കയ്ക്ക് വകയില്ല.
കേരളത്തിൽ പല അവസരത്തിലും മഴ ടാപ്പിംഗ് തടസപ്പെടുത്തിയെങ്കിലും റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ കാര്യമായ തടസങ്ങളില്ലാതെ റബർവെട്ടിന് കർഷകർക്ക് അവസരം ലഭിച്ചു. ഉത്പാദനം ഉയർന്നു തുടങ്ങിയതിനിടയിൽ രാജ്യാന്തര വിപണിയിൽനിന്നുള്ള പ്രതികൂല വാർത്തകൾ ഉയർത്തി ടയർ ലോബി നാലാം ഗ്രേഡ് ഷീറ്റ് വില 193 രൂപയിൽ നിന്നും 187ലേക്ക് ഇടിച്ചു. അഞ്ചാം രേഗഡ് 181ലേക്ക് താഴ്ന്നപ്പോൾ ലാറ്റക്സ് 121 രൂപയിൽ വ്യാപാരം നടന്നു.
കുരുമുളകിന് അപ്രതീക്ഷിത ഇടിവ്
ഓണാഘോഷങ്ങൾ കഴിഞ്ഞു വിപണിയിലേക്ക് ശ്രദ്ധതിരിച്ച കുരുമുളക് കർഷകരെ ഞെട്ടിക്കും വിധം ഉത്പന്ന വില നിത്യേനെ ഇടിഞ്ഞു. വാരാരംഭത്തിലെ തളർച്ച ഉത്പാദന കേന്ദ്രങ്ങളെ കാര്യമായി സ്വാധീനിച്ചില്ലെങ്കിലും വിപണി തളരുന്നത് കണ്ട് സ്റ്റോക്കിസ്റ്റുകൾ വിൽപ്പനയിലേക്ക് തിരിഞ്ഞത് വരവ് ശക്തമാക്കി. കുരുമുളക് വരവ് ഉണരുന്നതു കണ്ട് വാങ്ങലുകാർ സംഘടിതരായി നിരക്ക് താഴ്ത്തിയാണ് മുളക് വാങ്ങിയത്.

വൻ വില പ്രതീക്ഷിച്ച മധ്യവർത്തികൾ വാരത്തിന്റെ രണ്ടാം പാദത്തിൽ വിൽപ്പനയിലേക്കു തിരിഞ്ഞത് അവസരമാക്കി ഉത്തരേന്ത്യക്കാർ ചരക്ക് ശേഖരിച്ചു. ഇതിനിടയിൽ വിയറ്റ്നാം കുരുമുളക് ഇറക്കുമതിക്ക് വ്യവസായികൾ നീക്കം നടത്തിയ വിവരം പുറത്തുവന്നത് സ്റ്റോക്ക് വിറ്റുമാറാൻ ആഭ്യന്തര സ്റ്റോക്കിസ്റ്റുകളെ പ്രേരിപ്പിച്ചു. 70,300 രൂപയിൽ വിപണനം നടന്ന കുരുമുളക് വാരാന്ത്യം 69,600 രൂപയായി.
അന്താരാഷ്ട്ര വിപണിയിൽ വിയറ്റ്നാം ടണ്ണിന് 6800 ഡോളറും ബ്രസീൽ 6500 ഡോളറും ഇന്തോനേഷ്യ 7075 ഡോളറും മലേഷ്യ 9700 ഡോളറും രേഖപ്പെടുത്തി. ഇതിനിടയിൽ വെള്ള കുരുമുളകിന് വിപണിയിൽ പ്രിയമേറുന്നു. വൈറ്റ് പെപ്പർ വില വിയറ്റ്നാം ടണ്ണിന് 9250 ഡോളറായി ഉയർത്തി. ഇന്തോനേഷ്യയുടെ പുതിയ വില 10,025 ഡോളറാണ്. മലേഷ്യ 12,900 ഡോളറാണ് വെള്ള കുരുമുളകിന് ആവശ്യപ്പെടുന്നത്. ക്രിസ്മസ്-ന്യൂ ഇയർ ഡിമാന്ഡ് മുന്നിൽകണ്ട് ഇറക്കുമതിക്കാർ ആഗോള വിപണിയിൽ സജീവമാണ്.
ചൂടിനെ പേടിച്ച് ഏലം കർഷകർ
ഏലക്ക ലേല കേന്ദ്രങ്ങളിൽ ചരക്ക് പ്രവാഹത്തിനിടയിൽ പകൽ താപനില ഉയരുന്നത് കർഷകരിൽ ആശങ്ക ഉളവാക്കുന്നു. തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിൽ താപനില 38 ഡിഗ്രിക്ക് മുകളിലേക്ക് നീങ്ങി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കാലവർഷം പിൻമാറുന്നത് കൂടി കണക്കിലെടുത്താൽ ദക്ഷിണേന്ത്യയിൽ പകൽ താപനില വീണ്ടും ഉയരുമോയെന്ന ഭീതിയിലാണ് ഏലം ഉത്പാദകർ. അതേസമയം ശൈത്യകാലത്തിന് തുടക്കം കുറിച്ചതിനാൽ രാത്രി തണുത്ത അന്തരീക്ഷവും പകൽ ഉയർന്ന താപനിലയുമായി ഏലചെടികൾക്ക് പൊടുന്നനെ പൊരുത്തപ്പെടാൻ അൽപ്പം ക്ലേശിക്കാൻ ഇടയുണ്ട്.

പുതിയ ഏലക്ക വിറ്റുമാറാൻ വൻകിട -ചെറുകിട കർഷകർ ഉത്സാഹിച്ചു. ആകർഷകമായ വില അവസരമാക്കാനാണ് അവർ ഏലക്ക വിറ്റുമാറിയത്. അറബ് രാജ്യങ്ങളിൽനിന്നും യൂറോപ്പിൽനിന്നും അന്വേഷണങ്ങളുണ്ട്. ദീപാവലി, ദസറ ആവശ്യങ്ങൾ മുന്നിൽകണ്ടാണ് ആഭ്യന്തര വ്യാപാരികൾ ചരക്ക് സംഭരിക്കുന്നത്. ശരാശരി ഇനങ്ങൾ കിലോ 2500 രൂപയ്ക്ക് മുകളിൽ സഞ്ചരിച്ചു. വരണ്ട കാലാവസ്ഥയിലേക്ക് തോട്ടം മേഖല പൊടുന്നനെ തിരിഞ്ഞാൽ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയരില്ല. നിലവിലെ കാലാവസ്ഥ ഇതേ നില തുടർന്നാൽ ജനുവരി വരെ വിളവെടുപ്പുമായി മുന്നേറാമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്.
ജാതിക്കയിൽ ചാഞ്ചാട്ടം
ജാതിക്ക സംഭരണം ഉത്തരേന്ത്യൻ വ്യവസായികളും കയറ്റുമതിക്കാരും അൽപ്പം കുറച്ചത് ഉത്പന്ന വിലയിൽ നേരിയ ചാഞ്ചാട്ടത്തിനിടയാക്കി. വൻകിട കർഷകരുടെയും ചെറുകിട സ്റ്റോക്കിസ്റ്റുകളുടെയും നീക്കങ്ങൾ വിലയിരുത്താൻ വാങ്ങലുകാർ സംഘടിതമായ നീക്കങ്ങൾ നടത്തി. മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും വിപണികളിൽ അവർ വാങ്ങൽ കുറച്ച് തണുപ്പൻ നിലപാടിലൂടെ നിരക്ക് ഇടിക്കാൻ ശ്രമിച്ചു.

എന്നാൽ, ഉത്പാദന മേഖല ഈ അവസരത്തിൽ വിൽപ്പന നിയന്ത്രിച്ചത് ഒരു പരിധി വരെ ജാതിക്കയ്ക്ക് താങ്ങായി. അറബ് രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ മുൻനിർത്തി പല കയറ്റുമതിക്കാരും വൈകാതെ രംഗത്ത് ഇറങ്ങുമെന്ന നിഗമനത്തിലാണ് വിപണിവൃത്തങ്ങൾ. ജാതിക്ക തൊണ്ടൻ കിലോ 270 രൂപയിയും ജാതിപ്പതിപ്പ് 570 രൂപയിലും വിപണനം നടന്നു.
വെളിച്ചെണ്ണ വില ഉയർത്താൻ തമിഴ്നാട് ലോബി
വെളിച്ചെണ്ണ വില ഉയർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് ലോബി. വൻകിട തോട്ടങ്ങൾ പച്ചത്തേങ്ങയും കൊപ്രയും വിൽപ്പനയ്ക്ക് ഇറക്കുന്നത് നിയന്ത്രിച്ച് ദീപാവലി വരെയുള്ള എണ്ണ വില ഉയത്താനുള്ള തയാറെടുപ്പിലാണ്. ഓണവേളയിൽ കേരളം നടത്തിയ ശക്തമായ വിപണി ഇടപെടൽ വെളിച്ചെണ്ണ വില കുറയാൻ ഉപകരിച്ചിരുന്നു.

ആഘോഷങ്ങൾ കഴിഞ്ഞതോടെ സർക്കാർ സംവിധാനങ്ങളിൽ അയവ് കണ്ടതാണ് കാങ്കയത്തെ വ്യവസായികൾ വെളിച്ചെണ്ണയെ വീണ്ടും ചൂടുപിടിപ്പിക്കാൻ നീക്കം തുടങ്ങിയത്. കഴിഞ്ഞവാരം അവർ വില കൃത്രിമമായി ഉയർത്തുകയും താഴ്ത്തുകയും ചെയ്തെങ്കിലും കേരളത്തിൽനിന്നും കാര്യമായ ഡിമാൻഡ് അനുഭവപ്പെട്ടില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 36,800 രൂപയിലും കൊപ്ര 21,900 രൂപയിലുമാണ്.
പിടിവിട്ട് സ്വർണം
ആഗോള വിപണിയിൽ സ്വർണം പുതിയ ഉയരം സ്വന്തമാക്കി. സംസ്ഥാനത്തെ ആഭരണ വിപണികളിൽ പവൻ 79,880 രൂപയിൽ നിന്ന് 81,600 രൂപ വരെ കയറി ചരിത്രം സൃഷ്ടിച്ച ശേഷം ശനിയാഴ്ച 81,520 രൂപയിലാണ്. ഒരു ഗ്രാം സ്വർണ വില 10,000 രൂപയ്ക്ക് മുകളിൽ ഇടം പിടിച്ച് 10,200 വരെ കയറിയ ശേഷം 10,190 ലാണ്.