ടെസ്ലയ്ക്ക് ഇന്ത്യയിൽ സംഭവിക്കുന്നതെന്ത്?
Thursday, September 11, 2025 11:07 PM IST
മുംബൈ: വളരെ വർഷങ്ങളായി ഇന്ത്യൻ വാഹന വിപണി ജാപ്പനീസ്, കൊറിയൻ, ഇന്ത്യൻ നിർമാതാക്കളുടെ കൈപ്പിടിയിലാണ്. ആറ് മുൻനിര കാർനിർമാതാക്കൾക്കാണ് 90 ശതമാനം വിപണി വിഹിതവും. ഇവരാണ് ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യം പൂർത്തീകരിക്കുന്നത്.
ഇതിനിടെ വൈദ്യുത വാഹനങ്ങളുടെ വരവ് ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ തുടങ്ങി. ഇതിൽ ഇന്ത്യൻ നിർമാതാക്കൾക്കൊപ്പം വിദേശ കന്പനികളും ഇന്ത്യൻ നിരത്ത് ഭരിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യയുടെ വൈദ്യുത കാർ വിപണിയിൽ ഏവരും കാത്തിരുന്നത് അമേരിക്കൻ കന്പനി ടെസ്ലയുടെ വരവായിരുന്നു. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഏറെ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ, ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ നേട്ടം ഇതുവരെ കൊയ്യാൻ ഇലോണ്‍ മസ്കിന്റെ കന്പനിക്ക് സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ പകുതിയിൽ ബുക്കിംഗ് ആരംഭിച്ച ശേഷം വെറും 600 ഓർഡറുകൾ മാത്രമാണ് കന്പനിക്ക് നേടാനായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഗോള തലത്തിൽ ഓരോ നാലു മണിക്കൂറിലും ടെസ്ല ഈ വർഷം ആദ്യ പകുതിയിൽ ഇതിലധികം കാറുകൾ ഡെലിവറി ചെയ്തിട്ടുണ്ട്.
ടെസ്ല ഈ വർഷം 350 മുതൽ 500 വരെ കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ബാച്ച് ഈ മാസം ആദ്യം ഷാങ്ഹായിൽനിന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ.
തുടക്കത്തിൽ ഇതിന്റെ വില്പനകൾ മുംബൈ, ഡൽഹി, പൂന, ഗുരുഗ്രാം എന്നീ നഗരങ്ങളിലായി പരിമിതപ്പെടുത്തും. കാറുകൾക്ക് ലഭിച്ച മുഴുവൻ പേമെന്റുകളുടെയും അടിസ്ഥാനത്തിലാകും ഇറക്കുമതി ചെയ്യുക. ഈ വർഷം ഇന്ത്യയിൽ 2,500 കാറുകൾ വില്‍ക്കാനാണ് ടെസ്ല പദ്ധതിയിട്ടിരുന്നത്.
പ്രതീക്ഷിച്ചൊരു നേട്ടം കൊയ്യാൻ ടെസ്ലയ്ക്ക് സാധിക്കാത്തതിന് പിന്നിൽ പ്രധാന കാരണം വിലയാണ്. ഉയർന്ന ഇറക്കുമതി തീരുവ മൂലം എൻട്രി ലെവൽ മോഡൽ വൈക്ക് 60 ലക്ഷത്തിനു മുകളിലാണ് വില.
രാജ്യത്ത് വില്‍ക്കപ്പെടുന്ന കാറുകളുടെ ശരാശരി വില 22 ലക്ഷത്തിനടുത്താണ്. മൊത്തം കാർ വില്പനയിൽ അഞ്ചു ശതമാനം മാത്രമുള്ള ഇവി വിപണിയിൽ വൈ മോഡലുകൾ ബഹുഭൂരിപക്ഷം ഇന്ത്യൻ ഉപഭോക്താക്കളെയും പരിധിക്കു പുറത്താക്കുന്നു.
ഇന്ത്യയുടെ ഉയർന്ന വിലയുള്ള ഇലക്ട്രിക് വാഹന വിപണി കണക്കിലെടുക്കന്പോൾ ടെസ്ലയ്ക്കു ലഭിച്ച ഓർഡർ ഭേദപ്പെട്ടതാണ്. രാജ്യത്ത് 45-70 ലക്ഷത്തിനിടയ്ക്ക് വിലയുള്ള 2,800 കാറുകൾ മാത്രമാണ് ആദ്യ ആറുമാസത്തിനിടെ വിറ്റുപോയത്.
ഇന്ത്യൻ വിപണിയിലേക്കുള്ള വരവിൽ ടെസ് ല എന്ന ബ്രാൻഡും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സൗഹൃദവും മസ്ക് പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപുമായി തെറ്റിയതും ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം വഷളായതും മസ്കിന്റെ പ്രതീക്ഷകളെ താളംതെറ്റിച്ചു.
വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നൂറു ശതമാനത്തിനു മുകളിലാണ് നികുതി. ഇതിനാൽ ഇന്ത്യയിൽ ടെസ്ല മോഡൽ വൈ കാറുകൾക്ക് ലോകത്ത് ഏറ്റവുമധികം വില കൊടുക്കേണ്ടി വരുന്നു. യുഎസിൽ 44,900 ഡോളറും ചൈനയിൽ 36,700 ഡോളറും ജർമനിയിൽ 45,970 ഡോളറുമാണ് വില വരുന്നത്.
ഇന്ത്യയിലെ ഉയർന്ന നികുതികളെത്തുടർന്ന് പൂർണമായും നിർമിച്ച കാറിന് 15 മുതൽ 30 ലക്ഷം രൂപ വരെ വിലയിൽ വ്യത്യാസമുണ്ടു. ടെസ്ല വൈ മോഡലിന്റെ വില ഇന്ത്യയിൽ 70 ലക്ഷം രൂപ വരെ എത്തിക്കുന്നു.
ഇന്ത്യയിൽ നിർമാണ യൂണിറ്റ് നിർമിക്കാൻ ടെസ്ലയ്ക്കു പദ്ധതിയുണ്ടെങ്കിലും നിലവിൽ ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.