ലാറി എലിസൺ ലോക സന്പന്നൻ; പദവി ഏതാനും മണിക്കൂറുകൾ മാത്രം
Thursday, September 11, 2025 11:07 PM IST
ലോക അതിസന്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തുനിന്ന് ഏതാനും മണിക്കൂർ നേരത്തേക്ക് താഴേക്കിറങ്ങേണ്ടിവന്ന ശതകോടീശ്വരൻ ഇലോണ്‍ മസ്ക് വീണ്ടും ആ സ്ഥാനത്ത് തിരിച്ചെത്തി.
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടം 2024 മുതൽ മസ്കാണ് അലങ്കരിക്കുന്നത്. ഒറാക്കിളിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ലാറി എലിസണാണ് മസ്കിനെ പിന്തള്ളി ബുധനാഴ്ച വിപണി സമയത്ത് ഒന്നാം സ്ഥാനത്തെത്തിയത്.
ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് ലാറിയുടെ മൊത്തം ആസ്തി ബുധനാഴ്ച 393 ബില്യണ്‍ ഡോളറായി ഉയർന്നിരുന്നു. മസ്കിന്റെ ആസ്തി 385 ബില്യണ്‍ ഡോളറായിരുന്നു. എലിസണിന്റെ സന്പത്തിൽ 101 ബില്യണ്‍ ഡോളറിന്റെ വർധനയാണ് ഉണ്ടായത്.
ഒറാക്കിൾ കോർപറേഷന്റെ അന്പരപ്പിക്കുന്ന ത്രൈമാസ ഫലങ്ങളാണ് ലാറി എലിസണ്‍ തുണയായത്. ബ്ലൂംബെർഗ് സൂചിക ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഒറ്റ ദിവസ വർധനവാണ് എലിസണ്‍ നേടിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് 81കാരനായ എലിസണ്‍ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ഇൻട്രാഡേ ട്രേഡിംഗിൽ ഒറാക്കിളിന്റെ ഓഹരികൾ 43 ശതമാനം വരെ കുതിച്ചുയർന്നു, ദിവസാവസാനത്തോടെ ഉയർച്ച 36 ശതമാനമായി. 1992ന് ശേഷമുള്ള ഒറാക്കിളിന്റെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്. ശക്തമായ ത്രൈമാസ ഫലങ്ങളും വരും വർഷങ്ങളിൽ നിക്ഷേപകർ ഒരു പ്രധാന വളർച്ചാ മേഖലയായി കാണുന്ന എഐ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ പോസിറ്റീവ് വീക്ഷണവുമാണ് ഈ കുത്തനെയുള്ള ഉയർച്ചയ്ക്ക് കാരണമായത്.
ഈ മികച്ച പ്രകടനം ഒറാക്കിളിന്റെ വിപണിമൂല്യം ഏകദേശം 244 ബില്യണ്‍ ഡോളർ ഉയർത്തി, മൊത്തം വിപണി മൂലധനം ഏകദേശം 922 ബില്യണ്‍ ഡോളറായി. ഇതോടെയാണ് ഒറാക്കിളിലെ ഏറ്റവും വലിയ ഓഹരി ഉടമയായ എലിസണിന്റെ വ്യക്തിഗത ആസ്തി മസ്കിനെ മറികടന്നത്.
എന്നാൽ ബുധനാഴ്ച വിപണി വ്യാപാരം അവസാനിച്ചപ്പോൾ, എലിസണിനെക്കാൾ 1 ബില്യണ്‍ ഡോളർ മുന്നിലായി 384.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി മസ്ക് വീണ്ടും ലീഡ് നേടി. ലാറി എലിസണിന്റെ ആസ്തി 383.2 ബില്യണ്‍ ഡോളറായി.
2021ലാണ് മസ്ക് ആദ്യമായി അതിസന്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ബുധനാഴ്ച ഏതാനും മണിക്കൂർ ഒന്നാം സ്ഥാനം നഷ്ടപ്പെടും മുന്‍പ് 2021ൽ എൽവിഎംഎച്ചിന്റെ ബെർണാഡ് അർനോൾട്ടും 2024ൽ ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസും മസ്കിനെ മറികടന്നിട്ടുണ്ട്.
2024ൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ടെസ്ല സിഇഒയും സ്പേസ് എക്സ് സ്ഥാപകനുമായ മസ്ക് ബുധനാഴ്ച വരെ 300 ദിവസത്തിലധികം ഒന്നാം നന്പറിൽ തുടർന്നു.