“പരാതി നൽകാൻ താത്പര്യമില്ല”; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ യുവതി മൊഴി നൽകി
Thursday, September 11, 2025 3:19 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതിയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് ആരോപണമുന്നയിച്ച യുവതി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകി.
അന്വേഷണ സംഘം മൊഴിയെടുത്തപ്പോഴാണ് പരാതിയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് അറിയിച്ചത്. ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ച യുവതി ഇതുവരെ മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിട്ടില്ല.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകയായ യുവതി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. ഗൂഢാലോചനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് മൊഴിയിൽ ആവശ്യം.
പുറത്തുവന്ന ശബ്ദരേഖ കൃത്രിമം നടത്തിയതാണെന്നും ശബ്ദസന്ദേശം പുറത്തുവിട്ട മാധ്യമത്തിൽനിന്ന് ഫോണ്‍ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തണമെന്നുമുള്ള ആവശ്യങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകയുടെ പരാതിയിലുണ്ടായിരുന്നത്.
പരാതി നൽകിയപ്പോൾ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും മൊഴി നൽകിയപ്പോൾ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേര് പറഞ്ഞാണ് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.
ഇരകളുടെ പരാതിയില്ലാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കുമോ എന്നതു സംബന്ധിച്ച് നിയമോപദേശം തേടാൻ അന്വേഷണ സംഘം തീരുമാനിച്ചു. പരാതി നൽകിയവർ തെളിവോ മൊഴിയോ നൽകാത്ത സാഹചര്യത്തിലാണു നടപടി.