സിപിഎമ്മിൽ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ
Thursday, September 11, 2025 2:20 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: എം.എ.ബേബി അഖിലേന്ത്യാ ജനറൽസെക്രട്ടറിയായതോടെ സിപിഎമ്മിൽ ഐസക്ക് - ബേബി അച്ചുതണ്ടിനു ശക്തിവർധിക്കുന്നു. കഴിഞ്ഞ സംഘടനാ തെരഞ്ഞടുപ്പോടെ തലതാഴ്ത്തി നിന്നിരുന്ന ഗ്രൂപ്പിസവും വിഭാഗീയതയും വീണ്ടും ശക്തി പ്രാപിക്കുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. പാർട്ടിയിൽ അജയ്യനായി നിൽക്കുന്ന പിണറായി വിജയനെ ഒതുക്കാനുള്ള നീക്കത്തിൽ ഐസക്ക് - ബേബി അച്ചുതണ്ടിന്റെ കൂടെ പഴയ വി.എസ് .പക്ഷനേതാക്കളും സജീവമായിട്ടുണ്ട്.
പുരോഗമന കലാ സംഘടനകളിലൂടെയും പാർട്ടിയുടെ സ്വാധീനതയിലുള്ള വിവിധ ക്ലബ്ബുകളുടെയും മറ്റും പ്രവർത്തനങ്ങളിൽ പങ്കാളിത്തമുറപ്പിച്ചു സംഘടനയിൽ ആധിപത്യം നേടിയെടുക്കാനുള്ള ചുവട് വയ്പ്പിലാണ് ബദൽപക്ഷം.
സമാന ആശയക്കാരെ മുൻനിർത്തി സെമിനാറുകളും സിമ്പോസിയങ്ങളും മറ്റും വഴി പിണറായിക്കെതിരെയുള്ള ആശയ രൂപവൽക്കരണം സജീവമാക്കാനാണ് ഇവർ കോപ്പ് കൂട്ടുന്നത്. ഈയൊരു ശ്രമത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ബദൽ ഗ്രൂപ്പ് സജീവമാണ്. വടക്കൻ ജില്ലകളിലേക്കും തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമത്തിൽ ഐസക്ക് - ബേബി അച്ചുതണ്ട് മുന്നേറ്റം നടത്തിയതായി പറയുന്നു.
വടക്കൻ ജില്ലകളായ തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ പിണറായി പക്ഷക്കാരായ കണ്ണൂർ ലോബിയാണ് ആധിപത്യം പുലർത്തുന്നതെങ്കിലും പഴയ വിഎസ് പക്ഷനേതാക്കളെയും കണ്ണൂർലോബിയിലെ പ്രമുഖനേതാക്കളെയും കൂടെ നിർത്താനുള്ള നീക്കമാണ് നടന്നു വരുന്നത്. 2026 ൽ ആരംഭിക്കുന്ന സംഘടനാ സമ്മേളനങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ നീക്കം ഊർജിതമായിരിക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി പിണറായി വിജയൻ വീണ്ടും വരാനിടയാകുന്നതു തടയിടാനാണ് ഇക്കൂട്ടർ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷമുള്ള പിണറായി പക്ഷക്കാരെയും ഒപ്പം നിർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനങ്ങൾ എടുപ്പിക്കുവാൻ സാധിക്കുംവിധം സംഘടനാ രംഗത്തു പ്രബലരായിത്തീരാനുള്ള കണക്കുകൂട്ടലുകളിലാണ് നിർജീവതയിൽ നിന്നും ഉണർന്ന ബദൽ അച്ചുതണ്ട് മുഴുകിയിരിക്കുന്നത്. വനിതാ മുഖ്യമന്ത്രി എന്ന ആശയം രംഗത്തിട്ട് പിണറായിക്ക് തടയിടാനും ശ്രമിക്കുന്നുണ്ട്.
ഇനി സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും പിണറായിയെ തീരുമാനിച്ചാൽ ഐസക്ക് - ബേബി പക്ഷക്കാർ പോളിറ്റ്ബ്യൂറോയിലേക്കും കേന്ദ്ര കമ്മറ്റിയിലേക്കും അപ്പീൽ പോകാനും സാധ്യതയുണ്ട്. അപ്പീലിന്മേൽ തങ്ങൾക്ക് അനുകൂലമായ അഭിപ്രായം എം.എ.ബേബിയിൽ നിന്നും നേടാമെന്നും ഇവർ കണക്കുകൂട്ടുന്നു.