രണ്ടു പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം
Thursday, September 11, 2025 2:20 AM IST
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും രണ്ടു പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിക്കും കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കുമാണു രോഗബാധ.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ഫലം പോസിറ്റീവായത്. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തേക്ക് അയച്ചു.
മസ്തിഷ്ക ജ്വരം ബാധിച്ച് നിലവില്‍ ഒന്പതുപേര് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒന്പതുപേരില് ഒരാളുടെ നില ഗുരുതരമാണെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. ഇയാള്‍ വെന്റിലേറ്ററിലാണ്. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില ആശങ്കാജനകമല്ല. രണ്ടുപേര്‍ മലപ്പുറം സ്വദേശികളായ 11 വയസുള്ള പെണ്‍കുട്ടിയും 10 വയസുള്ള ആണ്‍കുട്ടിയുമാണ്.
ഈ വര്‍ഷം ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഏഴു കുട്ടികളെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ താമരശേരി സ്വദേശിയായ ഒന്‍പതു വയസുകാരിയും ഓമശേരിയില്‍നിന്നുള്ള മൂന്നു മാസം പ്രായമായ കുഞ്ഞും നേരത്തേ മരിച്ചിരുന്നു. മൂന്നു കുട്ടികള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു.