പാലിയേക്കര ടോള്‍ വിലക്ക് തുടരും
Thursday, September 11, 2025 3:19 AM IST
കൊച്ചി: പാലിയേക്കരയിലെ ടോള്‍പിരിവിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ ഗതാഗതം സുഗമമാണെന്നു ബോധ്യപ്പെടുംവരെ ടോള്‍വിലക്ക് നീക്കാനാകില്ലെന്നു ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഗതാഗതക്കുരുക്കിനിടയിലും ടോള്‍ പിരിച്ചതിനെതിരേ കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സര്‍വീസ് റോഡുകളുടെയടക്കം അറ്റകുറ്റപ്പണികള്‍ നടത്താന്‍ ദേശീയപാത അഥോറിറ്റിക്കു നിര്‍ദേശം നല്‍കിയതായി തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് കോടതിയെ അറിയിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതായി കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍. സുന്ദരേശനും അറിയിച്ചു.
അറ്റകുറ്റപ്പണികളുടെ പുരോഗതിറിപ്പോര്‍ട്ട് ദേശീയപാത അഥോറിറ്റി തൃശൂര്‍ കളക്ടര്‍ക്കു സമര്‍പ്പിക്കണമെന്ന് തുടര്‍ന്ന് കോടതി നിര്‍ദേശിച്ചു. കളക്ടര്‍ ഇക്കാര്യം പരിശോധിച്ചു നടപടികള്‍ കൃത്യമായി നടപ്പാക്കിയിട്ടുണ്ടോയെന്നു വിലയിരുത്തണം. തുടര്‍ന്ന് വിശദാംശങ്ങള്‍ ഹൈക്കോടതിയെ അറിയിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.