അധ്യാപകർക്ക് പ്രവേശനപരീക്ഷയെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി
Thursday, September 11, 2025 3:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം ഉൾപ്പെടെയുള്ളവയിൽ കടന്നുകയറ്റം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്രസ്താവന വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ മന്ത്രി മലക്കംമറിഞ്ഞു.
എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകൾക്കാണെങ്കിലും നിയമനത്തിനു മുന്പ് പ്രവേശന പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദമായത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലും മന്ത്രിയുടെ ഓഫീസിൽനിന്നും പുറത്തിറക്കിയ ആദ്യ പത്രക്കുറിപ്പിലും ഈ പരാമർശമുണ്ടായിരുന്നു. ഇത് മാധ്യമങ്ങളിലൂടെ വാർത്തയായതോടെ പല മേഖലകളിൽനിന്നും ശക്തമായ പ്രതിഷേധമുയർന്നു. ഇതിനു പിന്നാലെ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ആദ്യമിറക്കിയ പത്രക്കുറിപ്പും പിൻവലിച്ചു.
ആദ്യമിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്ന എയ്ഡഡ് സ്കൂൾ നിയമനം സംബന്ധിച്ച് കാര്യങ്ങൾ ഒഴിവാക്കിയാണ് രണ്ടാമത് പത്രക്കുറിപ്പ് ഇറക്കിയത്. രണ്ടാമതിറക്കിയ പത്രക്കുറിപ്പിൽ വിശദീകരണമായി പറയുന്നത്, നേരത്തേ നല്കിയ പത്രക്കുറിപ്പിലെ ചില ഭാഗങ്ങൾ അധ്യാപക അവാർഡ് ദാന ചടങ്ങിലെ മന്ത്രിയുടെ പ്രസംഗത്തിൽ വന്നിട്ടില്ലെന്നും അതിനാൽ പുതിയ പത്രക്കുറിപ്പ് ഉപയോഗിക്കണമെന്നുമായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിലും എയ്ഡഡ് സ്കൂളുകളിലെ നിയമനത്തെക്കുറിച്ചും പ്രവേശനപരീക്ഷയെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്നും മന്ത്രി പരാമർശിച്ചിരുന്നു. ഇത്തരമൊരു നടപടിയിലൂടെ ഓരോ കുട്ടിക്കും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വിവാദമായതിനു പിന്നാലെ മന്ത്രി നടത്തിയ പ്രതികരണത്തിൽ താൻ ഉദ്ദേശിച്ചത് കെ ടെറ്റ് പരീക്ഷയെന്നു പറഞ്ഞു മലക്കം മറിഞ്ഞു.