ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഉടൻ എത്തിക്കണം: ഹൈക്കോടതി
Thursday, September 11, 2025 3:19 AM IST
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെസ്വര്ണപ്പാളികള് ഉടന്‍ തിരികെ എത്തിക്കണമെന്നു ഹൈക്കോടതി. അറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്കു കൊണ്ടുപോയിരിക്കുകയാണ്.
ശബരിമല സ്പെഷല്‍ കമ്മീഷണറുടെയും ഹൈക്കോടതിയുടെയും മുന്‍കൂര്‍ അനുമതിയില്ലാതെ സ്വര്‍ണപ്പാളി ഇളക്കി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് അനുചിതമായെന്ന് ജസ്റ്റീസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു.
അയ്യപ്പവിഗ്രഹത്തിലെ മുദ്രമാല, ജപമാല അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടു ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണിതെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് ദേവസ്വം കമ്മീഷണര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍ എന്നിവര്‍ക്ക് നോട്ടീസയച്ചു. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കു കൊടുത്തുവിടാന്‍ തീരുമാനിച്ചതിന്റെ ഫയലുകള്‍ നാളെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.