ലൈസൻസില്ലാതെ ഭക്ഷണം വിളന്പിയവർ ഖജനാവിൽ നിറച്ചതു 94.28 ലക്ഷം രൂപ
Thursday, September 11, 2025 2:20 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: ലൈസൻസില്ലാതെ ഭക്ഷണം വിളന്പിയവർ ഈ വർഷം സംസ്ഥാനസർക്കാരിന്റെ ഖജനാവിൽ നിറച്ചതു 94,28,100 രൂപ. ഇന്ത്യയിലിതു മൊത്തം 15.16 കോടിയാണ്. അനധികൃതമായി ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കുന്നവരിൽനിന്നും വിതരണം ചെയ്യുന്നവരിൽനിന്നും പിഴയായാണ് ഇത്രയും തുക ഭക്ഷ്യസുരക്ഷാവകുപ്പ് സർക്കാരിലേക്ക് അടപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യസ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപകപരിശോധനകളാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിവരുന്നത്.
പിടിക്കപ്പെട്ടാൽ പിഴ ഈടാക്കുക, സ്ഥാപനം പൂട്ടിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് എറണാകുളം ജില്ലയിൽനിന്നാണ്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വിവിധ പരിശോധനകളിലായി 15,00,600 രൂപയാണ് ഈ വർഷം സെപ്റ്റംബർ ഒന്പതുവരെ പിഴയിനത്തിൽ അടപ്പിച്ചത്.
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളാണു പിഴയൊടുക്കിയതിൽ തൊട്ടുപിറകിലുള്ളത്. കഴിഞ്ഞവർഷവും എറണാകുളത്താണ് അനധികൃതമായി ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതും വിൽക്കുന്നതും കൂടുതലായി കണ്ടെത്തിയത്. 39,76,600 രൂപ പിഴയീടാക്കി. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളായിരുന്നു തൊട്ടുപിറകിൽ.
രാജ്യത്തു മഹാരാഷ്ട്രയിലാണ് ഭക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയത്. മഹാരാഷ്ട്രയിൽനിന്നുമാത്രം 1,78,16,000 രൂപ പിഴയായി ഇടാക്കി.
തമിഴ്നാട്, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളാണു കൂടുതൽ പിഴയടപ്പിച്ച മറ്റു സംസ്ഥാനങ്ങൾ. പിഴ ഈടാക്കിയതിലും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതിലും കേരളം ആറാംസ്ഥാനത്താണ്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ മൊത്തം 34.15 കോടി രൂപ ലൈസൻസില്ലാത്ത ഭക്ഷണവ്യാപാരികളിൽനിന്നു സർക്കാരിലേക്കു മുതൽകൂട്ടി. 3.69 കോടി രൂപ പിഴയടച്ച് മഹാരാഷ്ട്രതന്നെയാണ് മുൻപന്തിയിലുള്ളത്. 2.76 കോടി രൂപ പിഴയടച്ച് കേരളം നാലാംസ്ഥാനത്തുണ്ട്.
ഭക്ഷണം ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നുമായി കേരളം 92,19,900 രൂപയും വിതരണക്കാരിൽനിന്നു മാത്രമായി 2,08,200 രൂപയും പിഴ ഈടാക്കി. രാജ്യത്തു യഥാക്രമം 14.96 കോടി രൂപയും രണ്ടുകോടി രൂപയും അടപ്പിച്ചു.
2025 ജനുവരി- സെപ്റ്റംബർ ഒന്പതുവരെ പിഴ ഈടാക്കിയതിന്റെ വിവരങ്ങൾ
എറണാകുളം -15,00,600
തിരുവനന്തപുരം -11,61,000
മലപ്പുറം -7,58,700
കോഴിക്കോട് -7,56,100
കോട്ടയം -7,40,000
തൃശൂർ -7,28,900
പാലക്കാട് -6,88,600
കൊല്ലം -6,60,300
ആലപ്പുഴ -6,31,900
കണ്ണൂർ -5,99,500
പത്തനംതിട്ട -4,27,700
ഇടുക്കി -3,19,500
വയനാട് -3,16,900
കാസർഗഡ് -1,38,400