ഓണാഘോഷത്തിനെത്തിയ വിദേശസഞ്ചാരികൾ ടൂറിസം മന്ത്രിയുമായി സംവദിച്ചു
Wednesday, September 10, 2025 2:20 AM IST
തിരുവനന്തപുരം: എട്ടു ദിവസത്തെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം പ്രതിനിധിസംഘം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി സംവദിക്കുകയും ഓണക്കാല അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ടൂറിസം വകുപ്പ് നടത്തിയ അന്താരാഷ്ട്ര ഓണ്‍ലൈൻ പെയിന്റിംഗ് മത്സരത്തിന്റെ മൂന്നാം പതിപ്പിലെ വിജയികളും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പത്തു രാജ്യങ്ങളിൽനിന്നുള്ള ഉത്തരവാദിത്വ ടൂറിസം പ്രതിനിധികളാണ് ഓണാഘോഷത്തിൽ പങ്കുചേരാനും നാടും നഗരവും തനതു ജീവിതവും നേരിൽ കണ്ടറിയാനും സംസ്ഥാനത്ത് എത്തിയത്. കേരള ഉത്തരവാദിത്വ ടൂറിസം (ആർടി) മിഷൻ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, നേപ്പാൾ, ശ്രീലങ്ക, റൊമേനിയ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് സംഘത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഉത്തരവാദിത്വ ടൂറിസം നേതാക്കൾ, അക്കാദമിഷ്യൻമാർ, ഗവേഷകർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.
പെയിന്റിംഗ് മത്സരത്തിൽ വിജയികളായ സെർബിയ, ബൾഗേറിയ, റഷ്യ, ഉസ്ബെക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ജർമനി, യുകെ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.