ബൂട്ടിട്ട് ചവിട്ടിഞെരിച്ചു ; ബിജു തോമസിന് കാലിലെ രണ്ട് വിരലുകള്‍ നഷ്ടമായി
Wednesday, September 10, 2025 2:21 AM IST
ചങ്ങനാശേരി: പരാതിയുമായി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെത്തിയ തെങ്ങണ കിഴക്കേപ്പുറത്ത് ബിജു തോമസിനുണ്ടായത് വലിയ ദുരനുഭവം.
എസ്എച്ച്ഒ ജി. അനൂപ് ബിജുവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചശേഷം ഇടതുകാലില്‍ ബൂട്ടിട്ട് ചവിട്ടിയതിനിനെത്തുടര്ന്ന് രണ്ടുവിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. മൂന്നുമാസത്തോളം ആശുപത്രിയില്‍ ചികിത്സയും നാലുമാസം വീട്ടില്‍ വിശ്രമവും വേണ്ടിവന്നു. പരാതിപ്പെട്ട പണം ലഭിച്ചില്ലെന്നു മാത്രമല്ല വലിയ തുക ചികിത്സയ്ക്കായി ചെലവഴിക്കേണ്ടിയും വന്നു.
ഇന്റീരിയര്‍ വര്‍ക്ക് കരാറുകാരനായ ബിജു തോമസ് കരാര്‍ എടുത്ത വകയില്‍ സ്വകാര്യ കമ്പനിയില്‍നിന്നും ലഭിക്കാനുള്ള 28,000 രൂപ സംബന്ധിച്ച പരാതി തൃക്കൊടിത്താനം പോലീസില്‍ നല്കി. പരാതിക്കാരനായ ബിജുവിനെയും പണം നല്‍കാനുള്ള പെരുമ്പാവൂര്‍ സ്വദേശി ജിന്റോയെയും എസ്എച്ച്ഒ അനൂപ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. തുടർന്ന് കേസ് തീര്‍പ്പാക്കണമെന്ന് ഭീഷണിയുടെ സ്വരത്തില്‍ എസ്എച്ച്ഒ ആവശ്യപ്പെട്ടു. എങ്ങനെ ചെയ്യണമെന്ന് സാറു പറഞ്ഞാല്‍ മതിയെന്ന് ബിജു പറഞ്ഞു.
കേസ് തീര്‍ത്തില്ലെങ്കില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒ ബലമായി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. കൈ പിടിച്ചു തിരിക്കുകയും കാലില്‍ ബൂട്ടിട്ടു ചവിട്ടുകയും ചെയ്തു.
വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കാതെ സ്റ്റേഷനില്‍ നിര്‍ത്തുകയും എഫ്ഐആര്‍ എടുക്കുകയും ചെയ്തു. രണ്ട് രാഷ്ട്രീയ നേതാക്കളുടെ ജാമ്യത്തിലാണ് ബിജുവിനെ സ്റ്റേഷനില്‍നിന്നും വിട്ടയച്ചത്. തുടർന്ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 2024 ഏപ്രില്‍ 16നാണ് സംഭവം ഉണ്ടായതെന്ന് ബിജു തോമസ് ദീപികയോടു പറഞ്ഞു.
പിന്നീട് തൊട്ടടുത്ത ദിവസം ജോലിസംബന്ധമായ കാര്യത്തിന് ബിജു തോമസ് ബംഗുളൂരുവിനു പോയി. അവിടെയും ചികിത്സ തേടി. ചവിട്ടേറ്റ വിരലുകളില്‍ ഒരെണ്ണം 2024 മേയ് ആറിന് ബംഗളൂരു ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. നാട്ടിലെത്തിയ ബിജുവിനെ 2024 മേയ് 23ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ച് കാലിലെ മറ്റേ വിരലും ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടിവന്നു.
ജനറല്‍ ആശുപത്രിയിലെ ഇന്‍ഡിമേഷന്‍ പ്രകാരം തൃക്കൊടിത്താനം പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മൊഴി രേഖപ്പെടുത്താന്‍ തയാറായില്ലെന്നും ബിജു തോമസ് പറഞ്ഞു.
കോട്ടയം ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കും രേഖാമൂലം പരാതി നല്‍കുമെന്നും നീതിക്കായി കോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
കാപ്പ ചുമത്താനുള്ള പോലീസിന്റെ ശ്രമത്തിന് തിരിച്ചടി
ഏറ്റുമാനൂർ: യുവാവിനെതിരേ കാപ്പ ചുമത്താനുള്ള ഏറ്റുമാനൂർ പോലീസിന്റെ ശ്രമത്തിനു തിരിച്ചടി. ഏറ്റുമാനൂർ ശ്രീനന്ദനം വീട്ടിൽ എസ്.കെ. രാജീവിന്റെ മകൻ അഭയ് എസ്. രാജീവിനെതിരെ കാപ്പ ചുമത്തിയ ഏറ്റുമാനൂർ പോലീസിന്റെ നടപടിയാണ് കാപ്പ അഡ്വൈസറി ബോർഡ് റദ്ദാക്കിയത്.
ബൈക്കിൽ സഞ്ചരിക്കുമ്പോൾ പാഞ്ഞുവന്ന സ്വകാര്യബസിനടിയിൽ പെടാതെ രക്ഷപ്പെട്ട അഭയ് ബസ് സ്റ്റാൻഡിൽ എത്തി ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് സ്റ്റാൻഡിൽ വച്ചും സ്റ്റേഷനിൽ വച്ചും അഭയിനെ ക്രൂരമായി മർദിച്ചു. തുടർന്നാണ് അഭയിനെതിരേ കാപ്പ ചുമത്താനുള്ള ഗൂഢശ്രമമുണ്ടായത്.
2019ൽ ബസേലിയോസ് കോളജിലും 2024ൽ നാട്ടകം ഗവ. കോളജിലും പഠിക്കുമ്പോൾ കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അഭയിനെതിരേ രണ്ടു കേസുകളുണ്ടായിരുന്നു. ഇതിനൊപ്പം ബസ് സ്റ്റാൻഡിൽ വച്ച് ഡ്രൈവറെ മർദിച്ചുവെന്നു പറഞ്ഞ് ഒരു കേസ്കൂടി ചമച്ചാണ് കാപ്പ ചുമത്താൻ നടപടി സ്വീകരിച്ചത്.
2024 ലെ കേസിന് കൗണ്ടർ കേസ് ഉള്ളതാണെങ്കിലും അത് മറച്ചുവച്ചിരുന്നു. കാപ്പ ചുമത്താനുള്ള ഗൗരവമുള്ള കേസുകൾ ഇല്ലെന്നും കൗണ്ടർ കേസ് മറച്ചുവച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കാപ്പ അഡ്വൈസറി ബോർഡ് നടപടി റദ്ദ് ചെയ്തത്. 2024ൽ അഭയിനെ ഗൂഢമായി റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം അഭയ് അറിഞ്ഞിരുന്നില്ല. ഈ നടപടിയും അഡ്വൈസറി ബോർഡ് റദ്ദാക്കി.