പീച്ചി സ്റ്റേഷൻ മർദനം: പോക്സോ കേസ് ചുമത്തുമെന്നു ഭീഷണി; അഞ്ചുലക്ഷം നൽകിയെന്ന് ഹോട്ടലുടമ
Monday, September 8, 2025 5:33 AM IST
പട്ടിക്കാട്: പീച്ചി പോലീസ് സ്റ്റേഷൻ മർദനത്തിൽ പോക്സോ കേസ് ചുമത്തുമെന്നു ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം വാങ്ങിയെടുത്തെന്നു ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്. ഹോട്ടൽ മാനേജരെയും ജീവനക്കാരനെയും പീച്ചി സ്റ്റേഷനിൽവച്ചു മർദിച്ചശേഷം പണംവാങ്ങിയെന്നാണു ഹോട്ടലുടമ പറയുന്നത്. ഇതിൽ മൂന്നുലക്ഷം പോലീസിനും രണ്ടുലക്ഷം സ്റ്റേഷനിൽ പരാതി നൽകിയയാൾക്കും ലഭിച്ചു. പണം കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.
2023 മേയ് 24നാണ് പട്ടിക്കാട് ഫുഡ് ആൻഡ് ഫണ് മാനേജരെയും ജീവനക്കാരെയും പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന പി.എം. രതീഷ് ഫ്ലാസ്ക് കൊണ്ട് തല്ലാൻ ശ്രമിക്കുകയും ചുമരിൽ ചാരിനിർത്തി മർദിക്കുകയും ചെയ്തത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വണ്ടാഴി സ്വദേശി ദിനേശൻ നൽകിയ പരാതിയിലായിരുന്നു മർദനം.
ജീവനക്കാരെയും തന്റെ ഇളയ മകനെയും ലോക്കപ്പിലടച്ച് സമ്മർദത്തിലാക്കി. പരാതിക്കാരനായ ദിനേശന് ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ പോക്സോ കേസ് ചുമത്തി ജാമ്യംകിട്ടാത്ത വിധം ജയിലിൽ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഔസേപ്പ് പറഞ്ഞു. ഇതിനായി അഞ്ചു ലക്ഷം രൂപയാണ് അവർ ആവശ്യപ്പെട്ടത്.
പോലീസിന്റെ ഭീഷണിക്കു വഴങ്ങേണ്ടിവന്ന ഔസേപ്പ് പരാതിക്കാരനായ ദിനേശിനെ വീട്ടിൽ വിളിച്ചുവരുത്തി വീടിന്റെ മുൻഭാഗത്തെ കസേരയിൽ ഇരുത്തിയാണ് അഞ്ചുലക്ഷം രൂപ കൈമാറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണു പുറത്തുവിട്ടത്.
എസ്ഐ രതീഷിനെ സർവീസിൽനിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമ പരാതി നൽകിയിരുന്നു. പരാതി നിലനിൽക്കെ ഇയാൾക്കു സ്ഥാനക്കയറ്റം നൽകി. തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനു പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ഔസേപ്പ് പറഞ്ഞു.
രതീഷ് കുറ്റക്കാരനെന്നു കണ്ടെത്തി റിപ്പോർട്ട് നൽകി; നടപടി മുക്കി
പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടലുടമയെയും ജീവനക്കാരെയും മർദിച്ച സംഭവത്തിൽ എസ്ഐ പി.എം. രതീഷിനെതിരേ ഉത്തരമേഖലാ ഐജിക്കു റിപ്പോർട്ട് നൽകിയിരുന്നെന്നു വിവരം. കഴിഞ്ഞവർഷംതന്നെ അന്വേഷണറിപ്പോർട്ട് സമർപ്പിച്ചു.
തൃശൂർ അഡീഷണൽ എസ്പി ആയിരുന്ന ശശിധരൻ ആണ് അന്വേഷണം നടത്തിയത്. രതീഷ് കുറ്റക്കാരനാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് വന്നപ്പോഴേക്കും രതീഷ് കടവന്ത്ര സർക്കിൾ ഇൻസ്പെക്ടറായി. ഉത്തരമേഖലാ ഐജിയുടെ അധികാരപരിധിയിൽനിന്നു മാറിയെന്നു പറഞ്ഞാണു നടപടിയെടുക്കാതിരുന്നത്. തുടർനടപടിക്കായി ഈ വർഷമാദ്യം ദക്ഷിണമേഖലാ ഐജിക്കു റിപ്പോർട്ട് കൈമാറി. ഇതുവരെ നടപടിയെടുത്തിട്ടില്ല.