ഓർഫനേജ് കണ്ട്രോൾ ബോർഡ് തെരഞ്ഞെടുപ്പുകേന്ദ്ര മാറ്റം: വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ
Monday, September 8, 2025 5:33 AM IST
കൊച്ചി: സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡിലെ സാമൂഹ്യക്ഷേമസ്ഥാപന പ്രതിനിധികളുടെ തെരഞ്ഞെടുപ്പുകേന്ദ്രം തൃശൂരിൽനിന്നു തിരുവനന്തപുരം വെള്ളയന്പലം ജിമ്മി ജോർജ് സ്റ്റേഡിയത്തിലേക്കു മാറ്റിയതിൽ വ്യാപക പ്രതിഷേധം. പതിനഞ്ചംഗ ഓർഫനേജ് കണ്ട്രോൾ ബോർഡിൽ സർക്കാർ നോമിനേറ്റ് ചെയ്യുന്ന എംഎൽഎമാർ, എംപി എന്നിവരുൾപ്പെടെ പത്തുപേർക്കുശേഷം അഞ്ചുപേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ടത്.
കേരളത്തിലെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 1400ൽ അധികം വരുന്ന സാമൂഹ്യക്ഷേമസ്ഥാപനങ്ങളായ അനാഥശാലകൾ, വൃദ്ധമന്ദിരങ്ങൾ, സൈക്കോ സോഷ്യൽ സെന്ററുകൾ ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികൾ വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യപരമായ മാർഗത്തിലാണ് ഈ അഞ്ചുപേരെ തെരഞ്ഞെടുക്കേണ്ടത്. കേരളത്തിന്റെ മധ്യഭാഗത്തുള്ള കേന്ദ്രമെന്ന നിലയിൽ ഇതുവരെ തൃശൂരിലാണു തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. അതാണ് ഇത്തവണ തിരുവനന്തപുരത്തേക്കു മാറ്റിയത്.
വോട്ടർമാരുടെ സൗകര്യാർഥം തെരഞ്ഞെടുപ്പുകേന്ദ്രം തൃശൂരിൽതന്നെ അനുവദിക്കണമെന്ന് അസോസിയേഷൻ ഓഫ് ഓർഫനേജസ്, കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജ് കോഓർഡിനേഷൻ കമ്മിറ്റി, ഓർഫനേജ് കണ്ട്രോൾ ബോർഡ് എന്നിവ ആവശ്യപ്പെട്ടിട്ടും സാമൂഹികനീതിവകുപ്പ് അനുകൂലമായ തീരുമാനമെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് ഈമാസം 17നു രാവിലെ പതിനൊന്നുമുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ തീരുമാനിച്ചെങ്കിലും, രജിസ്ട്രേഷൻ സമയം രാവിലെ പതിനൊന്നുവരെ മാത്രമെന്നു നിശ്ചയിച്ചിട്ടുണ്ട്.
മണിക്കൂറുകൾ യാത്രചെയ്ത് വോട്ടിംഗ് കേന്ദ്രത്തിലേക്കെത്തേണ്ട മലബാർ ഉൾപ്പെടെയുള്ള പ്രദേശത്തെ വോട്ടർ പതിനൊന്നിനു മുൻപ് എത്തിയെങ്കിലേ രജിസ്റ്റർ ചെയ്യാനാവൂ എന്നതാണു സ്ഥിതി. വോട്ടർമാരുടെ അവകാശം ഹനിക്കാനുള്ള കുതന്ത്രമാണ് ഇത്തരമൊരു നടപടിയിലൂടെ വകുപ്പുമേധാവകൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നടപടികളെ കോടതിയിൽ ചോദ്യംചെയ്യാനാണ് സാമൂഹ്യക്ഷേമസ്ഥാപനങ്ങളുടെ തീരുമാനം.
ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. അസോസിയേഷൻ തീരുമാനിച്ച ഒരു സ്ഥാനാർഥിയുടെ നോമിനേഷൻ നിരാകരിച്ചതും നിയമത്തിന്റെ പിൻബലമില്ലാത്ത കാരണം പറഞ്ഞാണ്. തെരഞ്ഞെടുപ്പുകേന്ദ്രം തൃശൂരിലേക്കു പുനഃസ്ഥാപിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന് അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷൻസ് സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പിള്ളി, ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദീൻ എന്നിവർ ആവശ്യപ്പെട്ടു.