സർക്കാർ നടപ്പാക്കുന്നത് ഉന്മൂലന സിദ്ധാന്തം: ചെറിയാൻ ഫിലിപ്പ്
Monday, September 8, 2025 6:56 AM IST
തിരുവനന്തപുരം: പ്രതിയോഗികളെ ഭീകരമർദനങ്ങളിലൂടെ അടിച്ചൊതുത്തി ഇല്ലാതാക്കുകയെന്ന കമ്യൂണിസ്റ്റ് ഉന്മൂലന സിദ്ധാന്തമാണ് പിണറായി സർക്കാർ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ്.
ഭൂപ്രഭുക്കന്മാരെയും രാഷ്ട്രീയ ശത്രുക്കളെയും തകർക്കാനാണ് റഷ്യയിൽ ജോസഫ് സ്റ്റാലിനും ചൈനയിൽ മാവോ സെ തുങും ഉന്മൂലന സിദ്ധാന്തം ആവിഷ്കരിച്ചത്. കഴിഞ്ഞ നാലു വർഷമായി ആയിരക്കണക്കിന് യൂത്ത് കോണ്ഗ്രസ്, കെഎസ്യു, മഹിളാ കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പോലീസിന്റെയും സിപിഎം ഗുണ്ടകളുടെയും കൊടിയ മർദനങ്ങൾക്ക് ഇരയായി ജീവച്ഛവങ്ങളായത്. മിക്കവരും ഇപ്പോഴും ചികിത്സയിലാണ്.
ആശുപത്രി രേഖകൾ പരിശോധിച്ചാൽ ഇവരുടെ ശാരീരിക അവശതകൾ മനസിലാക്കാം.
കാമറകൾക്ക് പകർത്താൻ കഴിയാത്തതിനാലും സിസി ടിവി ദൃശ്യങ്ങൾ സർക്കാർതന്നെ നശിപ്പിച്ചതിനാലും കിരാതമായ മർദന ദൃശ്യങ്ങൾ സമൂഹമധ്യത്തിൽ വന്നിട്ടില്ല. പലർക്കും അടിയേറ്റ് തലച്ചോറിലും നട്ടെല്ലിലും വാരിയെല്ലിലും മറ്റ് ആന്തരികാവയവകളിലും ക്ഷതവും രക്തസ്രാവവും ഉണ്ടായതായി സ്കാൻ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. താമസിയാതെ ഇവയെല്ലാം പുറത്തുവരുമെന്ന് തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.