ഇനിയുമേറെ കടന്പ
സ്വന്തം ലേഖകന്‍
Monday, September 8, 2025 5:33 AM IST
സൗകര്യങ്ങളേറെ പിറകിൽ
കാസര്‍ഗോഡ്: ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടിയിരുന്ന കാസര്‍ഗോഡന്‍ ജനതയ്ക്ക് ആശ്വാസമായിരുന്നു ബദിയഡുക്ക ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍ എംബിബിഎസ് കോഴ്സ് ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇതു കേവലമൊരു ഇലക്ഷന് സ്റ്റണ്ട് ആകാതെ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഇനിയും ഒരുപാട് കടക്കാനുണ്ട്. എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആദ്യവര്‍ഷം തിയറി ആണെങ്കിലും രണ്ടാം വര്‍ഷം മുതല്‍ ക്ലിനിക്കല്‍ പഠനം തുടങ്ങും. അടിയന്തരമായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും ആവശ്യത്തിന് അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കാനും നടപടി സ്വീകരിച്ചില്ലെങ്കില്‍ മെഡിക്കല്‍ കോളജിന്റെ മുന്നോട്ടുള്ള പോക്കിനെ അതു സാരമായി ബാധിക്കും.
വേണ്ടത് 99, നിയമിച്ചത് 19
പ്രിന്‍സിപ്പല്‍-1, പ്രഫസര്‍-14, അസോസിയേറ്റ് പ്രഫസര്‍- 20, അസി. പ്രഫസര്‍-25, സീനിയര്‍ റസിഡന്റ്-23, ട്യൂട്ടര്‍-15 എന്നിങ്ങനെ 99 തസ്തികകളാണ് ഒരു മെഡിക്കല്‍ കോളജിന് ആവശ്യം. ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ഏറ്റവും കുറഞ്ഞ തസ്തികകളാണ് ഇതെന്ന് കേരള ഗവ.മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇവിടെ അനുവദിച്ചിട്ടുള്ളത് 61 തസ്തികകള്‍ മാത്രമാണ്. ഇതില്‍ തന്നെ 19 തസ്തികയില്‍ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്.
ഇതില്‍ പ്രഫസര്‍ തസ്തികയില്‍ ഒരാളെപ്പോലും നിയമിച്ചിട്ടില്ല. ബാക്കി തസ്തികകളില്‍ ഉള്ളവര്‍ വര്‍ക്ക് അറേഞ്ച്മെന്റ് എന്ന നിലയില്‍ വന്നവരാണ്. ഇത്തരം സ്ഥലംമാറ്റം നേരത്തേ ജോലി ചെയ്തുവന്ന മെഡിക്കല്‍ കോളജുകളുടെ അധ്യയനത്തെ അവതാളത്തിലാക്കുമെന്നും ഇവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയയ്ക്കണമെന്നും കേരള ഗവ. മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെടുന്നു.
പുതുതായി നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് പ്രധാന വെല്ലുവിളി. വിവിധ മെഡിക്കല്‍ കോളജുകളില്‍ ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി, ഡെര്‍മറ്റോളജി തുടങ്ങിയ വിഭാഗങ്ങളില്‍ നിയമനം നടക്കാതെയായിട്ട് 10 വര്‍ഷത്തിലേറെയായി. നഴ്സിംഗ് ഓഫീസര്‍, ലാബ് ടെക്നീഷന്‍, ഫാര്‍മസി വിഭാഗങ്ങളിലായി 273 ജീവനക്കാരാണ് വേണ്ടത്. 117 തസ്തികകളില്‍ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. ക്ലാര്‍ക്കുമാരുടെ 12 തസ്തിക വേണ്ടതില്‍ ആറ് എണ്ണം മാത്രമാണ് അനുവദിച്ചത്. ഇതില്‍ നിയമിച്ചതാകട്ടെ മൂന്നു പേരെയും.
ആശുപത്രി ബ്ലോക്ക് യാഥാര്‍ഥ്യമാക്കണം
മെഡിക്കല്‍ കോളജിന്റെ ആശുപത്രി ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഇതുകൊണ്ട് പ്രയോജനമുണ്ടാകൂ. നാലു ബ്ലോക്കുകളിലായി 500 കിടക്കകള്‍ക്ക് സൗകര്യമുള്ള ഈ കെട്ടിടനിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ആറുമാസത്തിനകം ഒരു ബ്ലോക്കിന്റെ പണി തീര്‍ക്കുമെന്നും ഒന്നരവര്‍ഷം കൊണ്ട് നാലു ബ്ലോക്കിന്റെയും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നുമാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇതിനായി പുതിയ ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുകയും മറ്റൊരു കരാറുകാരനെ കണ്ടെത്തുകയും വേണം. പഴയ കരാറുകാരന് മൂന്നുകോടിയോളം രൂപ കുടിശിക നല്‍കാനുണ്ട്. ആശുപത്രി ബ്ലോക്ക് യാഥാര്‍ഥ്യമായാല്‍ ഓപ്പറേഷന് തിയറ്റര്‍, അത്യാഹിതവിഭാഗം, വിവിധ ചികിത്സാവിഭാഗങ്ങള്‍ എന്നിവ ഇവിടെ സജ്ജീകരിക്കാന്‍ സാധിക്കും.
ഒരുങ്ങണം; ഹോസ്റ്റലുകളും അധ്യാപക ക്വാര്‍ട്ടേഴ്സും
100 പേര്‍ക്ക് താമസിക്കാനുള്ള നാലുനില വനിതാ ഹോസ്റ്റല്‍ കെട്ടിടവും അധ്യാപകര്‍ക്കായി ഒമ്പതു നില ഫ്ളാറ്റും നിര്‍മാണം നടന്നുവരുന്നു. ഇലക്ട്രിക്കല്‍, ഫര്‍ണിച്ചര്‍ ജോലികളാണ് ബാക്കിയുള്ളത്. മൂന്നുമാസത്തിനുള്ളില്‍ ഇതു പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല. എംബിബിഎസിന് 50 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുമ്പോള് ഇതില്‍ 35 ശതമാനവും പെണ്കുട്ടികളായിരിക്കുമെന്നാണ് കരുതുന്നത്. ബാക്കി വരുന്ന ആണ്‍കുട്ടികള്‍ക്ക് കോളജിനു പുറത്ത് താമസിക്കേണ്ടിവരും.
നഴ്സിംഗ് കോളജിന് കെട്ടിടമില്ല
അക്കാദമി ബ്ലോക്കിലാണ് ലാബുകള്‍ സജ്ജീകരിക്കേണ്ടത്. എന്നാല്‍ നിലവില്‍ ഈ കെട്ടിടത്തിലാണ് നഴ്സിംഗ് കോളജ് പ്രവര്‍ത്തിക്കുന്നത്. ഒരു ബാച്ചില്‍ 60 നഴ്സിംഗ് വിദ്യാര്‍ഥികളാണുള്ളത്. നിലവിലെ രണ്ടു ബാച്ചിനു പുറമെ പുതിയ ബാച്ചുകൂടി എത്തുമ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണം 180 ആകും. ഇവരെ പുതിയ നഴ്സിംഗ് കോളജ് കെട്ടിടം പൂര്‍ത്തിയാക്കി അവിടേക്ക് മാറ്റേണ്ടതുണ്ട്. ഇതിനായി മൂന്നേക്കര്‍ സ്ഥലം നല്കി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.
ബസ് സൗകര്യമൊരുക്കണം
ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജില്‍നിന്ന് ടീച്ചിംഗ് ആശുപത്രിയായ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് 28 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രാക്ടിക്കല്‍ ക്ലാസുകളുടെ ആവശ്യത്തിന് ജനറല്‍ ആശുപത്രിയിലേക്ക് വരാന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. നിലവില്‍ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വയനാടിന്റെ കാത്തിരിപ്പിന് വിരാമം
അദീപ് ബേബി
കൽപ്പറ്റ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യത്തിലേക്ക്. യശഃശരീരനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു പതിറ്റാണ്ട് മുൻപ് തറക്കല്ല് പാകിയ മെഡിക്കൽ കോളജിൽ 50 എംബിബിഎസ് സീറ്റിനാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചത്. എൻഎംസി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്.
2015 ജൂലൈ 12നാണ് ഉമ്മൻ ചാണ്ടി കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് മെഡിക്കൽ കോളജിന് കല്ല് പാകിയത്. രണ്ട് ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ 900 കോടി രൂപ മുതൽമുടക്കി നിർമിക്കുന്ന സർക്കാർ മെഡിക്കൽ കോളജിന്റെ ആദ്യഘട്ടത്തിൽ 200 കോടി ചെലവിൽ 300 കിടക്കകളുള്ള ആശുപത്രി പ്രവർത്തനമാരംഭിക്കാനായിരുന്നു സർക്കാർ പദ്ധതി.

പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മെഡിക്കൽ കോളജിനായി വലിയ താത്പര്യം കാണിച്ചില്ലെന്നു മാത്രമല്ല, ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ സ്ഥലത്ത് മെഡിക്കൽ കോളജ് ആരംഭിക്കാതെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ജില്ലാ ആശുപത്രി വീർപ്പുമുട്ടുന്നതിനിടയിലാണ് മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളും നിർവഹിക്കേണ്ടിവന്നത്. മെഡിക്കൽ പ്രവേശനം ആരംഭിക്കുന്നതിനു മുന്നോടിയായി അടിസ്ഥാന വികസനപ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി.
വികസന പ്രവർത്തനങ്ങൾ ഊർജിതമാക്കി
മെഡിക്കൽ കോളജിനെ ഘട്ടംഘട്ടമായി വികസിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. എംബിബിഎസ് കോഴ്സ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവും വികസനപ്രവർത്തനങ്ങളും മെഡിക്കൽ കോളജുകളിൽ നടത്തിയിരുന്നു.
വയനാട് മെഡിക്കൽ കോളജിൽ 45 കോടി രൂപ ചെലവിൽ മൾട്ടി പർപസ് ബ്ലോക്ക് യാഥാർഥ്യമാക്കി. 60 സീറ്റുകളോടുകൂടി നഴ്സിംഗ് കോളജ് ആരംഭിച്ചു. മെഡിക്കൽ കോളജിന്റെ ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി. 2.30 കോടി വിനിയോഗിച്ച് മോഡേണ്‍ മോർച്ചറി കോംപ്ലക്സ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. 8.23 കോടി വിനിയോഗിച്ച് കാത്ത് ലാബ് നിർമാണം പൂർത്തിയാക്കി. ആൻജിയോപ്ലാസ്റ്റി പ്രൊസീജിയറുകൾ ആരംഭിച്ചു. അധ്യാപക തസ്തികകൾ അനുവദിച്ച് കാർഡിയോളജി വിഭാഗം ആരംഭിച്ചു. 18 ലക്ഷം ഉപയോഗിച്ച് പവർ ലോണ്ട്രി സ്ഥാപിച്ചു.
ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ലേബർ റൂം സ്റ്റാൻഡർഡൈസേഷൻ നടപ്പാക്കി. പീഡിയാട്രിക് ഐസിയു സജ്ജീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്കിൾ സെൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജില്ലയിൽ ആദ്യമായി അരിവാൾ കോശ രോഗിയിൽ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. എംബിഎഫ്എച്ച്ഐ, മുസ്കാൻ സർട്ടിഫിക്കേഷൻ ലഭ്യമാക്കി ലക്ഷ്യ സ്റ്റാൻഡേർഡിലേക്ക് ഉയർത്തി. 70 ലക്ഷം വിനിയോഗിച്ച് സ്കിൽ ലാബ് സജ്ജമാക്കി. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി. ഇ ഹെൽത്ത്, ഇ ഓഫീസ് സംവിധാനങ്ങൾ ആശുപത്രിയിൽ പ്രാവർത്തികമാക്കി. 20.61 ലക്ഷം രൂപയുടെ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് പൂർത്തിയായി. ദന്തൽ വിഭാഗത്തിലും മികച്ച അത്യാധുനിക ചികിത്സകൾ ആരംഭിച്ചു.
ക്ലാസുകൾ 22ന് ആരംഭിക്കും
ഈ മാസം 12 മുതൽ 19 വരെ പ്രവേശനത്തിനുള്ള സമയമാണ്. 22ന് ക്ലാസുകൾ തുടങ്ങാനാണ് എൻഎംസിയുടെ നിർദേശം. പുതിയ മെഡിക്കൽ കോളജ് ആയതിനാൽ ക്ലാസ് തുടങ്ങാൻ ഒരാഴ്ച അധികം സമയം ലഭിക്കും. നാഷണൽ മെഡിക്കൽ കമ്മീഷൻ അന്‍പതു സീറ്റുകളാണ് വയനാട് മെഡിക്കൽ കോളജിന് അനുവദിച്ചത്. മെഡിക്കൽ കോളജിനോടു ചേർന്ന് 45 കോടി രൂപ മുടക്കി നിർമിച്ച മൾട്ടി പർപ്പസ് ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ക്ലാസുകൾ സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമായി വന്നാൽ ആറാം നിലയും ലക്ചറർ ഹാളായി ഉപയോഗിക്കും. എന്നാൽ ഓരോ വർഷവും പുതുതായെത്തുന്ന കുട്ടികളെ ഉൾകൊള്ളാനുള്ള സൗകര്യം ഇവിടെയില്ല.
ഫിസിയോളജി, അനാട്ടമി, ബയോ കെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ തുടങ്ങിയ വിഷയങ്ങളാണ് ഒന്നാം വർഷം പഠിക്കാനുണ്ടാവുക. ലാബ് സജ്ജീകരിക്കാനുള്ള ഉപകരണങ്ങൾ മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്.
ഹോസ്റ്റൽ സൗകര്യവും ഒരുങ്ങുന്നു
മാനന്തവാടി താഴയങ്ങാടി കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം ഭവനനിർമാണ ബോർഡിന്റെ കീഴിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ പെണ്‍കുട്ടികളെ പാർപ്പിക്കാൻ ധാരണയായിട്ടുണ്ട്. കെട്ടിടം വാടകയ്ക്കെടുത്ത് ആണ്‍കുട്ടികൾക്കും താമസസൗകര്യം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. മാനന്തവാടി തഹസിൽദാരുടെ സഹായത്തോടെ ഇതിനായി ഒന്നിലധികം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മെഡിക്കൽ കോളജിനോടു ചേർന്ന് പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയറിന്റെ കെട്ടിടം ആണ്‍കുട്ടികളുടെ താമസസൗകര്യത്തിനായി ലഭിക്കുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അധ്യയനം തുടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും നിലവിലുണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എസ്.എസ്. മിനി പറഞ്ഞു. വനംവകുപ്പിന്റെ ഉടമസ്ഥതയിൽ മാനന്തവാടി അന്പുകുത്തിയിലുള്ള സ്ഥലം മെഡിക്കൽ കോളജിനായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. മെഡിക്കൽ കോളജിന് അക്കാദമിക് കെട്ടിടം നിർമിക്കാൻ ഈ സ്ഥലവും സർക്കാർ പരിഗണിക്കുന്നതായാണ് സൂചന.
വയനാടിന് പുറമേ കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലുള്ളവരും കർണാടകയിലെ കുട്ട, ബൈരക്കുപ്പ പ്രദേശങ്ങളിലുള്ളവരും ചികിത്സയ്ക്കായി എത്തുന്നത് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലാണ്. പഴയ ജില്ലാ ആശുപത്രിയിൽ 280 കിടക്കകളാണുള്ളത്. ഇവിടെ ദിവസം ശരാശരി ആയിരത്തോളം രോഗികൾ ഒപി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. മെഡിക്കൽ കോളജായി ഉയർത്തിയതോടെ 2000ഓളം പേരാണ് ഒപിയിൽ ഒരു ദിവസം എത്തുന്നത്.
ദിവസം നൂറോളം പേർ അഡ്മിറ്റ് ചെയ്യപ്പെടുന്നുമുണ്ട്. പ്രതിവർഷം 500 ഓളം പേരെങ്കിലും പത്തുദിവസം തുടർച്ചയായി ഇവിടെ കിടത്തിച്ചികിത്സയ്ക്ക് വിധേയമാകുന്നു. ഒരുമാസം ശരാശരി 200 ഓളം ശസ്ത്രക്രിയകളും 400ഓളം പ്രസവവും ജില്ലാസ്പത്രിയിൽ നടക്കുന്നു. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ അഭാവം പലപ്പോഴും ആശുപത്രിയുടെ താളം തെറ്റിക്കുന്നുണ്ട്.
വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ മൂന്ന് താലൂക്കുകളിലായി മൂന്ന് താലൂക്ക് ആശുപത്രികളും എട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 23 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 204 ആരോഗ്യ ഉപകേന്ദ്രങ്ങളുമാണ് വയനാട്ടിലുള്ളത്.
നാൾവഴികൾ
8 2015 ജൂലൈ 12ന് തറക്കല്ലിടൽ; മുഖ്യ ഉമ്മൻ ചാണ്ടി
8 2016 ജൂലൈ റോഡ് നിർമാണോദ്ഘാടനം; ആരോഗ്യമന്ത്രി കെ.കെ. ശൈലജ
8 പുളിയാർമലയിലെ ഭൂമി കെട്ടിടനിർമാണത്തിന് യോജിച്ചതല്ലെന്നും പ്രകൃതി ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ട്
8 പ്രസ്തുത സ്ഥലത്ത് മെഡിക്കൽ കോളജ് നിർമിക്കാൻ സാധിക്കില്ലെന്ന് സർക്കാർ നിലപാട്
8 വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ സർക്കാർ ശ്രമം
8 വൈത്തിരിയിലും കണ്ണൂർ ജില്ലയോടു ചേർന്ന് കിടക്കുന്ന ബോയ്സ് ടൗണിലും സ്ഥലം ഏറ്റെടുക്കാൻ ശ്രമം
8 2021 ഫെബ്രുവരി 21 ഗവ. മെഡിക്കൽ കോളജ് ഉദ്ഘാടനം
8 2023 ഏപ്രിൽ രണ്ട്: മൾട്ടി പർപ്പസ് സൂപ്പർ സ്പെഷാലിറ്റി കെട്ടിടവും കാത്ത് ലാബും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
8 2025 സെപ്റ്റംബർ 02: വയനാട് മെഡിക്കൽ കോളജിന് അനുമതി
ഇഴഞ്ഞിഴഞ്ഞ് കോന്നി മെഡിക്കല്‍ കോളജ്
പത്തനംതിട്ട: ജില്ലയ്ക്കുവേണ്ടി 2013ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് കോന്നിയിലേത്. മൂന്ന് ബാച്ചുകളിലായി 300 കുട്ടികള്‍ നിലവില്‍ മെഡിക്കല്‍ ബിരുദ പഠനം നടത്തുന്നുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജ് സംവിധാനങ്ങള്‍ ഇപ്പോഴും പൂര്‍ണമായി പ്രവര്ത്തനക്ഷമമല്ലെന്നതാണ് പ്രശ്നം.

മെഡിക്കല്‍ കോളജിന്റെ നിലവാരത്തില്‍ ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പാക്കാനാകുന്നില്ല. പത്തനംതിട്ട ജില്ലയില്‍ നിന്നു പോലും രോഗികളെ കോന്നി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നില്ല. മെഡിക്കല്‍ കോളജിലെത്തുന്ന കേസുകളും മറ്റു സ്ഥലങ്ങളിലേക്ക് പറഞ്ഞുവിടേണ്ട സാഹചര്യവുമുണ്ട്.
2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്നു പോകുന്നതിനു മുമ്പായി മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കുകയായിരുന്നു ലക്ഷ്യം. കോളജിന് അനുമതിക്കായി അപേക്ഷ നല്‍കിയെങ്കിലും അനുബന്ധ ആശുപത്രിയും മറ്റു സൗകര്യങ്ങളും ലഭ്യമാകാതെ വന്നതോടെ സാധ്യമായില്ല. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കോന്നി മെഡിക്കല്‍ കോളജിനോട് ആദ്യഘട്ടത്തില്‍ വലിയ താത്പര്യം കാട്ടിയില്ല. 2019ല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടക്കുകയും എല്‍ഡിഎഫ് വിജയിക്കുകയും ചെയ്തതിനു പിന്നാലെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗം കൈവന്നു.
2020 സെപ്റ്റംബര്‍ 14ന് കോന്നി മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നടന്നു. ഐപി വിഭാഗം 2021ല്‍ തുടങ്ങി. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതോടെ 2022 മുതല്‍ എംബിബിഎസ് ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 300 കുട്ടികളാണ് പഠിക്കുന്നത്. അവര്‍ക്കാവശ്യമായ പഠനസൗകര്യങ്ങള്‍ മെഡിക്കല്‍ കോളജില്‍ ലഭ്യമാണ്. രണ്ടുവര്‍ഷം മുമ്പ് സീമാറ്റ് നഴ്സിംഗ് കോളജും ആരംഭിച്ചു. 300 കിടക്കകളുള്ള ആശുപത്രി അനുബന്ധമായി തുറന്നിട്ടുണ്ടെങ്കിലും രോഗികളെ കൂടുതലായി ഐപി വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവര്‍ത്തനക്ഷമമായി തുടങ്ങുന്നതേയുള്ളൂ.
ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും നിയമനവും പൂര്‍ണമായിട്ടില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രി നവീകരണത്തിന് അടച്ചതോടെ അവിടെയുണ്ടായിരുന്ന പ്രധാന ശസ്ത്രക്രിയാ വിഭാഗങ്ങള്‍ സമീപകാലത്ത് കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങളാണ് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. ഇതോടെ ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളജിലെത്തിച്ച് ആവശ്യമായവര്‍ക്ക് ശസ്ത്രക്രിയ ചെയ്തുവരുന്നുണ്ട്.
ആശുപത്രി വികസനത്തിനന്റെആദ്യ ഘട്ടത്തില്‍ 167.33 കോടി രൂപ വിനിയോഗിച്ച് 300 കിടക്കകളുള്ള ആശുപത്രി- അക്കഡമിക് ബ്ലോക്ക് നിര്‍മിച്ചു. അത്യാഹിതം, ഒപി, ഐപി വിഭാഗങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും യാത്രാ സൗകര്യം പ്രധാന പ്രശ്നമാണ്. മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
കിഫ്ബി വഴി രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് അനുവദിച്ച 351.72 കോടി രൂപയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ആശുപത്രിക്കും കോളജിനും 20 കിടക്കകളുള്ള ഐസിയു, ഏഴ് വെന്റിലേറ്റര്‍ ബെഡുകള്‍, ലക്ഷ്യ നിലവാരത്തില്‍ മൂന്നര കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഓപ്പറേഷന് തിയറ്റര്‍, ലേബര്‍ റൂം, വാര്‍ഡുകള്‍ എന്നിവയും പൂര്‍ത്തിയായി. 200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേര്‍ന്ന ഏഴുനില ആശുപത്രിക്കെട്ടിടവും 800 സീറ്റുള്ള ഓഡിറ്റോറിയത്തിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.