ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു: വി.ഡി. സതീശന്
Monday, September 8, 2025 5:33 AM IST
കൊച്ചി: കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയല്ലെങ്കില്‍ പിന്നെ ആരാണ് ഇതിനൊക്കെ മറുപടി പറയേണ്ടത്.
ഒരു ഫേസ്ബുക്ക് പോസ്റ്റുപോലുമില്ല. ഒരു കാര്യത്തിലും മുഖ്യമന്ത്രിക്ക് അഭിപ്രായമില്ല. ഔദ്യോഗികമായ ബാധ്യതയില്‍ നിന്നാണ് മുഖ്യമന്ത്രി ഒളിച്ചോടുന്നത്. ജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പോലീസുമായി മുന്നോട്ടു പോയാല്‍ അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സതീശന് മുന്നറിയിപ്പ് നല്കി. കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സര്‍വീസില്‍നിന്നു പുറത്താക്കണം. ഇതൊരു മാനസിക വൈകല്യമാണ്. കൂട്ടം ചേര്‍ന്ന് കാട്ടുന്ന അഹങ്കാരമാണിത്. കുറ്റം ചെയ്യാത്തവരോട് ഇങ്ങനെ പെരുമാറുന്നവര്‍ കുറ്റവാളികളോട് ഇതിനു വിപരീതമായാകും പെരുമാറുക.
പീച്ചിയിലും സമാന സംഭവമുണ്ടായി. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രതിപക്ഷം കഴിഞ്ഞ നാലര വര്‍ഷമായി പറഞ്ഞുകൊണ്ടിരുന്ന കേരള പോലീസിന്റെ തനിനിറമാണ്. ഒരു കോക്കസാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഡിജിപിക്ക് എസ്പിമാര്ക്ക് മുകളിലോ എസ്പിമാര്ക്ക് എസ്എച്ച്ഒമാര്‍ക്ക് മുകളിലോ ഒരു നിയന്ത്രണവുമില്ല. പലയിടത്തും പാര്‍ട്ടിയാണ് ഭരിക്കുന്നത്. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിക്കും അടി കിട്ടി. മാഫിയ പോലുള്ള സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. അടി കിട്ടിയ ലോക്കല്‍ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കുന്നത് സിപിഎം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ മനുഷ്യാവകാശങ്ങളുടെ പൂര്‍ണമായ ധ്വംസനമാണ് നടക്കുന്നത്.
പീച്ചിയിലെയും കുന്നംകുളത്തെയും സംഭവങ്ങള്‍ പൂഴ്ത്തിവച്ചിട്ടും നിയമം സഹായിച്ചതുകൊണ്ടു മാത്രമാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടും പൂഴ്ത്തിവച്ചു. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ. പിന്നെ എന്തിനാണ് സ്പെഷല്‍ ബ്രാഞ്ച്്. അങ്ങനെയെങ്കില്‍ ഈ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പിരിച്ചുവിടണം. ഇന്റലിജന്‍സ് ഡിജിപി വഴി ഈ സംഭവങ്ങളൊക്കെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടും മുഖ്യമന്ത്രിയും ഭരണ നേതൃത്വത്തില്‍ ഇരിക്കുന്നവരും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും പൂഴ്ത്തിവച്ച് ക്രിമിനലുകളെ രക്ഷിക്കാനാണു ശ്രമിച്ചത്.