കുന്നംകുളം കസ്റ്റഡി മർദനം; നാല് പോലീസുകാർക്ക് സസ്പെൻഷന്
Sunday, September 7, 2025 1:35 AM IST
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
വിയ്യൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ നൂഹ്മാന്‍, മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്. സന്ദീപ് , തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശശിധരന്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.ജെ. സജീവന് എന്നിവരെയാണ് ഉത്തരമേഖല ഐജി രാജ്പാല് മീണ സസ്പെന്‍ഡ് ചെയ്തത്.
തൃശൂര്‍ റെയ്ഞ്ച് ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. സുജിത്തിനെ മർദിച്ച എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവരെ സസ്പെൻഡ് ചെയ്യണമെന്നും സുതാര്യമായ അന്വേഷണത്തിന് ഇത് ആവശ്യമാണെന്നുമുള്ള റിപ്പോർട്ടാണ് ഡിഐജി നൽകിയത്.
ഡിഐജിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോലീസ് സേനയിലും അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, കേസിൽ ഒരിക്കൽ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ഇതു സംബന്ധിച്ച ക്രിമിനൽ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലുമാണ്.
അതിനാൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ വീണ്ടും നടപടി സ്വീകരിച്ചാൽ അത് കോടതിയിൽ തിരിച്ചടിയാകുമെന്ന് ആദ്യം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. എന്നാൽ നടപടി പുനഃപരിശോധിക്കുന്നതിനു തടസമില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്.
2023ലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനിൽ മർദനമേറ്റത്. എന്നാൽ, വിവരാവകാശ നിയമത്തിലൂടെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ പോലീസിനും സർക്കാരിനുമെതിരേ കടുത്ത വിമർശം ഉയർന്നതോടെയാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായത്.
അതേസമയം, കേസിൽ ആരോപണവിധേയനായ മറ്റൊരു പോലീസുകാരനായിരുന്ന ഷുഹൈർ, നിലവിൽ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ ഇയാൾക്കെതിരേ വകുപ്പ്തല നടപടിക്കു സാധ്യതയില്ല.