യുവതിക്കു നേരേ ഭർത്താവിന്റെ ആസിഡ് ആക്രമണം; രണ്ടു കുട്ടികൾക്ക് പൊള്ളലേറ്റു
Sunday, September 7, 2025 1:35 AM IST
രാജപുരം(കാസർഗോഡ്): സംസ്ഥാന അതിർത്തിക്കു സമീപം പാണത്തൂർ പാറക്കടവിൽ യുവതിക്കു നേരേ ഭർത്താവിന്റെ ആസിഡ് ആക്രമണം.
യുവതി ആസിഡ് ആക്രണണത്തിൽനിന്ന രക്ഷപെട്ടെങ്കിലും അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പതിനേഴുകാരിയായ മകൾക്കും ബന്ധുവായ പെൺകുട്ടിക്കും പൊള്ളലേറ്റു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനായിട്ടില്ല.
പാറക്കടവ് സ്വദേശിനി ദിവ്യക്കു നേരേയാണ് ഭർത്താവ് കർണാടകയിലെ കരിക്കെ ആനപ്പാറ സ്വദേശി മനോജ് ആസിഡ് ആക്രമണം നടത്തിയത്. മകൾ നിന്നുമോളുടെ (17) കൈകാലുകൾക്കും ഒപ്പമുണ്ടായിരുന്ന ദിവ്യയുടെ സഹോദരൻ മോഹനന്റെ മകൾ മന്യയുടെ(10) മുഖത്തും കൈകൾക്കുമാണു പൊള്ളലേറ്റത്. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല. രണ്ടു കുട്ടികളെയും പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
രണ്ടു മതങ്ങളിൽപ്പെട്ട ദിവ്യയും മനോജും പ്രണയിച്ച് വിവാഹിതരായതാണ്. ഇരുവരും കർണാടക അതിർത്തിയിലേക്കു കുടിയേറിയ മലയാളി കുടുംബങ്ങളിൽപെട്ടവരാണ്. രണ്ടു സംസ്ഥാനങ്ങളിലാണെങ്കിലും ഇരുവരുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. റബർ ടാപ്പിംഗ് തൊഴിലാളിയായ മനോജിന്റെ മദ്യപാനശീലത്തെച്ചൊല്ലി കലഹിച്ച് ദിവ്യ ഏതാനും നാളുകളായി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു.