പോലീസ് മർദനത്തിൽ പ്രതിഷേധം; കുന്നംകുളം സ്റ്റേഷനിലേക്ക് മാർച്ച്, സംഘർഷം, ജലപീരങ്കി
Thursday, September 4, 2025 2:14 AM IST
കുന്നംകുളം: കുന്നംകുളത്തു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പോലീസ് ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധം ശക്തമായി.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം കുന്നംകുളം പോലീസ് സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിലെത്തി. പോലീസ് പ്രവർത്തകർക്കെതിരേ ജലപീരങ്കി പ്രയോഗിച്ചു.കനത്ത മഴയെ അവഗണിച്ചുകൊണ്ടാണ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തിയത്.
പോലീസ് സ്റ്റേഷന് അകലെവച്ചു തന്നെ വൻ പോലീസ് സന്നാഹത്തോടെ മാർച്ച് തടഞ്ഞു. പോലീസ് നേരത്തേതന്നെ ബാരിക്കേഡുകളും ജലപീരങ്കിയും സജ്ജമാക്കിയിരുന്നു.പ്രതിഷേധത്തിനിടെ പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാനും ശ്രമം നടത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുത്തിരുന്നു. പൊതുയോഗം ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. അനിൽ അക്കര, സുനിൽ അന്തിക്കാട് ഉൾപ്പെടെയുള്ള നേതാക്കളും എത്തിയിരുന്നു.
കണ്ണുണ്ടെങ്കിൽ മുഖ്യമന്ത്രി നടപടിയെടുക്കട്ടെ: ജോസഫ് ടാജറ്റ്
മുഖ്യമന്ത്രിക്കു കണ്ണുണ്ടെങ്കിൽ യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് കെ. സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടു നടപടിയെടുക്കണമെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ചോദ്യംചെയ്തതാണ് സുജിത്തിനെതിരേ ചുമത്തിയ കുറ്റം. മൃഗീയമായ മർദനമാണു സ്റ്റേഷനിൽ നടന്നത്.
മൃഗങ്ങൾപോലും ചില സമയത്തു മനുഷ്യരോടു കാണിക്കുന്ന കരുണ ഈ പോലീസ് മൃഗങ്ങൾ കാണിച്ചില്ലെന്നതു വേദനാജനകമാണ്. സിസിടിവിയിൽ തങ്ങൾ മർദിക്കുന്ന ദൃശ്യങ്ങൾ പതിയുമെന്ന് ഉത്തമബോധ്യമുണ്ടായിട്ടും പിന്നെയും മർദിച്ചത് ആഭ്യന്തരവകുപ്പ് ദൃശ്യങ്ങൾ പുറത്തുവിടില്ലെന്ന ഉറപ്പിലാണ്. എസിപി അന്വേഷിച്ച റിപ്പോർട്ടിൽ മർദനങ്ങൾ കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരേയുള്ള നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതു പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നയമാണ്.
കുറ്റക്കാരെ സർവീസിൽനിന്നു പുറത്താക്കി കേരളീയ സമൂഹത്തോടുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി നിറവേറ്റണമെന്നു ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.