വിവാഹവാർഷികം ആഘോഷിച്ച് പിണറായിയും ഭാര്യയും
Wednesday, September 3, 2025 2:06 AM IST
തിരുവനന്തപുരം: 46-ാം വിവാഹവാർഷിക ദിനമായ ഇന്നലെ കൂടുതൽ സമയവും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചെലവഴിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ ടി. കമലയും. ഒരുമിച്ച് 46 വർഷങ്ങൾ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി സമൂഹമാധ്യമപേജിൽ വിവാഹ വാർഷികം അറിയിച്ചു.
ഉച്ചയ്ക്ക് പോലീസ് ആസ്ഥാനത്ത് ഓണാഘോഷ ചടങ്ങിനായി എത്തിയെങ്കിലും ഓണസദ്യ കഴിച്ചില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരോടൊപ്പം മുഖ്യമന്ത്രി ഓണസദ്യ കഴിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. തിരുവാതിരകളിയും കണ്ട് പോലീസുകാരോടു ചെറിയ ഒരു പ്രസംഗവും നടത്തി വനിതാ ബറ്റാലിയന്റെ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ച് അദ്ദേഹം മടങ്ങി.
1979 സെപ്റ്റംബർ രണ്ടിന് തലശേരി ടൗണ്‍ഹാളിലായിരുന്നു പിണറായി വിജയന്റെയും ടി. കമലയുടെയും വിവാഹം. പിണറായിയുടെ വിവാഹത്തിനു ക്ഷണിച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി ചടയൻ ഗോവിന്ദന്റെ ക്ഷണക്കത്ത് സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താണ് മന്ത്രി വി. ശിവൻകുട്ടി ആശംസകൾ നേർന്നത്. ഒട്ടേറെ പ്രമുഖർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവാഹവാർഷിക ആശംസകൾ നേർന്നു.