ആഗോള അയ്യപ്പസംഗമം ; സന്പൂർണ വിവരം തേടി ഹൈക്കോടതി
Thursday, September 4, 2025 2:15 AM IST
കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പും പണപ്പിരിവും സുതാര്യമായിരിക്കണമെന്നു ഹൈക്കോടതി.
സ്പോൺസർഷിപ്പ് വിശദാംശങ്ങളടക്കം പരിപാടിയുടെ സമ്പൂർണ വിവരങ്ങൾ അറിയിക്കാൻ ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് സർക്കാരിനോടും തിരുവിതാകൂർ ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു.
അയ്യപ്പസംഗമം രാഷ്ട്രീയപ്രചാരണ പരിപാടിയാണെന്നാരോപിച്ച് അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപി നൽകിയ പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ചാണു നടപടി. അയ്യപ്പസംഗമവും അനുബന്ധ പരിപാടികളും ദേവസ്വം നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാകണമെന്നും കോടതി നിർദേശിച്ചു.
അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പും ഫണ്ടിംഗും സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ സർക്കാരിനും ബോർഡിനും കഴിഞ്ഞിട്ടില്ലെന്നു കോടതി വിലയിരുത്തി. അതേസമയം, ക്രമസമാധാനപാലനം മാത്രമാണു തങ്ങളുടെ ചുമതലയെന്ന് സർക്കാർ വിശദീകരിച്ചു.
പരിപാടിയുടെ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും അറിയിച്ചു. 1950ലെ ട്രാവൻകൂർ -കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരം ആചാര, വിശ്വാസസംരക്ഷണമാണു ബോർഡിന്റെ ദൗത്യമെന്ന് കോടതി ഓർമിപ്പിച്ചു. അതിനാൽ ഏതു നടപടിയും വിശ്വാസികളുടെ ഉത്തമതാത്പര്യത്തിനു നിരക്കുന്നതാകണം.
സംഗമവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിയമപരമാകണമെന്നും ഹൈക്കോടതി നിർദേശം നൽകി.