അദാലത്ത്: 59 ശതമാനം ഫയലുകള് തീർപ്പാക്കി
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: കഴിഞ്ഞ രണ്ടുമാസമായി നടന്നു വന്ന ഫയൽ അദാലത്ത് നടപടി അവസാനിപ്പിച്ചെങ്കിലും ശേഷിക്കുന്ന ഫയലുകളുടെ തീർപ്പാക്കൽ പുരോഗതി നിരീക്ഷിക്കാനും റിവ്യൂ ചെയ്യുന്നതിനുമായി അദാലത്ത് പോർട്ടൽ തുടരാൻ മന്ത്രിസഭാ തീരുമാനം. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ നടത്തിയ ഫയൽ അദാലത്തിൽ 59 ശതമാനം ഫയലുകളിലാണ് തീർപ്പാക്കാനായത്.
എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും അദാലത്തിനു ശേഷം തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകൾ പരമാവധി തീർപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അദാലത്തിനായുള്ള പ്രവർത്തനം ഏകോപിപ്പിക്കാനായി നിയോഗിച്ച ഓരോ വകുപ്പിന്റെയും സ്ഥാപനത്തിന്റെയും നോഡൽ ഓഫീസർമാർ ചുമതലയിൽ തുടരണം. ഉദ്യോഗസ്ഥർ മാറുന്ന മുറയ്ക്ക് പുതുതായി ചാർജെടുക്കുന്ന ഉദ്യോഗസ്ഥന് നോഡൽ ഓഫീസറുടെ ചുമതല നൽകണം.
എല്ലാ നോഡൽ ഓഫീസർമാരും ഓരോ രണ്ടാഴ്ചയിലും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി റിവ്യൂ ചെയ്യേണ്ടതും അതിന്റ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സെക്ഷനുകൾക്കും നിർദേശം നൽകണം.
വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി മേധാവികൾ റിവ്യൂ ചെയ്യണം.
സെക്രട്ടേറിയറ്റ് വകുപ്പിന്റെയും അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും അദാലത്ത് പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പ് സെക്രട്ടറിമാർ എല്ലാ മാസവും റിവ്യൂ നടത്തണം. ചീഫ് സെക്രട്ടറിയുടെ സെക്രട്ടറിമാരുമായുള്ള പ്രതിമാസ യോഗത്തിൽ അദാലത്ത് പോർട്ടലിലെ മൊത്തത്തിലുള്ള തീർപ്പാക്കൽ പുരോഗതി സ്ഥിരം അജൻഡയായി റിവ്യൂ നടത്തണം.
60 ശതമാനത്തിൽ താഴെ ഫയലുകൾ തീർപ്പാക്കിയ വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ ഊർജിതമായി തുടരണം. മൂന്നു മാസത്തിനു ശേഷം പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പുമന്ത്രി റിവ്യൂ ചെയ്യണം.
ഫയലുകളുടെയും തപാലുകളുടെയും കൃത്യമായ പ്രോസസിംഗ് ഉറപ്പുവരുത്താനും നിരീക്ഷിക്കാനും ഫയൽ സമയബന്ധിതമായി തീർപ്പാക്കാനുമായി അദാലത്ത് പോർട്ടൽ സ്ഥിരം സംവിധാനമായി തുടരണം.
2025 ജൂലൈ മുതലുള്ള ഫയലുകളും അദാലത്ത് പോർട്ടലിൽ ഉൾപ്പെടുത്തണം. ഇതിനായുള്ള സംവിധാനം പോർട്ടലിൽ ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തി.
എൻഐസി ഓരോ മാസവും അഞ്ചിനു മുന്പായി മുൻമാസത്തെ ഫയലുകളുടെ വിവരം പോർട്ടലിലേക്ക് കൈമാറണം. ഇക്കാര്യം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉറപ്പാക്കണം.