അയ്യപ്പസംഗമത്തിൽനിന്നു പിന്നോട്ടില്ലെന്ന് സിപിഎം
Wednesday, September 3, 2025 2:06 AM IST
തൃശൂർ: അയ്യപ്പസംഗമത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി സിപിഎം. അയ്യപ്പസംഗമവുമായി മുന്നോട്ടുതന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഏതെങ്കിലും വിമർശനങ്ങൾ കേട്ട് പിന്നോട്ടുപോകില്ല.
സിപിഎം വിശ്വാസികൾക്കൊപ്പമാണെങ്കിൽ യുവതീപ്രവേശനം എന്ന നിലപാട് തിരുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, യുവതീപ്രവേശനം അടഞ്ഞ അധ്യായമാണെന്നും പഴയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമായിരുന്നു മറുപടി.
വിശ്വാസത്തിനെതിരായ നിലപാട് ഒരിക്കലും സിപിഎം എടുക്കില്ല. വർഗീയവാദികളുടെ കൂടെ സിപിഎമ്മില്ല. വിശ്വാസികൾക്കൊപ്പമാണ് സിപിഎം. അതിനപ്പുറം നടക്കുന്ന പ്രചാരണങ്ങൾ വർഗീയവാദികൾ നടത്തുന്നതാണ്. മതത്തെയും വിശ്വാസത്തെയും രാഷ്്ട്രീയ അധികാരത്തിലേക്കു പ്രവേശിപ്പിക്കുന്നതിന്റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്കൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയില്ല.
ആഗോള അയ്യപ്പസംഗമം തീരുമാനിച്ചതു ദേവസ്വം ബോർഡാണ്. അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണു വർഗീയവാദികൾ പറയുന്നത്. എന്നാൽ, വിശ്വാസികളെ ഉപയോഗപ്പെടുത്താനാണു വർഗീയവാദികൾ ശ്രമിക്കുന്നത്.
വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാൻ. ആഗോള അയ്യപ്പസംഗമത്തിനു ലോകമെന്പാടുമുള്ള അയ്യപ്പഭക്തരുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.