അയ്യപ്പസംഗമം: സർക്കാരിനോടു ചോദ്യങ്ങളുമായി യുഡിഎഫ്
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനോടു ചോദ്യങ്ങളുമായി യുഡിഎഫ്. ഇതിന് ഉത്തരം ലഭിച്ചതിനു ശേഷം അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ചു പറയാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി സംസ്ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശനത്തിൽ അനുകൂലമായി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുമോ, നാമജപഘോഷയാത്രയിലടക്കം പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കുമോ എന്നീ ചോദ്യങ്ങൾ സതീശൻ ഉന്നയിച്ചു.
സുപ്രീംകോടതിയിൽ യുഡിഎഫ് സർക്കാർ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താൻ എൽഡിഎഫ് സർക്കാർ കൂട്ടുനിന്നത്. ശബരിമലയിൽ ആചാരലംഘനം നടത്തണമെന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെയും നിലപാട്. അയ്യപ്പഭക്തരുടെ അഭിപ്രായങ്ങൾക്കൊപ്പം പരസ്യമായി യുഡിഎഫ് നിലപാടെടുത്തിട്ടുണ്ട്.
അതിനെതിരേ നവോത്ഥാന സമിതി ഉണ്ടാക്കിയവരാണ് സിപിഎമ്മുകാർ. ആചാരലംഘനം നടത്തിയത് ശരിയാണെന്നു വാദിച്ചുകൊണ്ടാണ് നവേത്ഥാന സമിതിയുണ്ടാക്കിയതും മതിൽ തീർത്തതും. ആകാശം ഇടിഞ്ഞുവീണാലും അഭിപ്രായം മാറ്റില്ലെന്നാണ് പറഞ്ഞത്. ആ അഭിപ്രായത്തിൽ ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം.
ഈ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതിനു ശേഷം പ്രതിപക്ഷത്തെ അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചാൽ മതിയെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് പങ്കെടുക്കുമോ ഇല്ലയോ എന്നു പറയാൻ അവിടെ രാഷ്ട്രീയ സമ്മേളനമല്ല നടക്കുന്നത്. മതസംഘടനകൾ പങ്കെടുക്കുന്നതിൽ യുഡിഎഫ് അഭിപ്രായം പറയില്ല.
പണ്ടുകാലത്തുണ്ടാക്കിയ കവനന്റിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും സർക്കാർ ദേവസ്വം ബോർഡിന് 48 ലക്ഷം രൂപ നൽകണം. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് 82 ലക്ഷം രൂപയാക്കി ഉയർത്തി. 82 ലക്ഷം കൊടുക്കേണ്ട സ്ഥാനത്ത് പത്ത് കോടി നൽകുമെന്നാണ് എൽഡിഎഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നിട്ടും കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ ശബരിമലയ്ക്ക് വേണ്ടി ഒരു കോടി പോയിട്ട് 82 ലക്ഷം രൂപ പോലും നൽകിയിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 112 ഏക്കറാണ് കേന്ദ്രാനുമതിയോടെ ശബരിമല വികസനത്തിനു വേണ്ടി ഏറ്റെടുത്തത്. ഈ ഭൂമിക്ക് പകരമായി ഇടുക്കിയിൽ 112 ഏക്കർ വനംവകുപ്പിന് കൈമാറുകയും ചെയ്തു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ആശുപത്രികളും ട്രീറ്റ്മെന്റ് പ്ലാന്റും ഉൾപ്പെടെ ശബരിമലയിൽ വികസന പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ കഴിഞ്ഞ ഒൻപതര വർഷം ശബരിമലയിൽ ഒരു വികസനവും നടത്താത്ത സർക്കാരാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പസംഗമവുമായി വരുന്നതെന്നും ആ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും സതീശൻ പറഞ്ഞു. തന്റെ അറിവോടെയല്ല സംഘാടക സമിതിയിൽ തന്റെ പേരുവച്ചത്.
“കാണാൻ തയാറായില്ലെന്നു പറയുന്നത് മര്യാദകേട്”
തന്നോടു വിളിച്ചു ചോദിച്ചിട്ടല്ല ദേവസ്വം ബോർഡ് പ്രസിഡന്റ് അയ്യപ്പസംഗമത്തിലേക്കു ക്ഷണിക്കാൻ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓഫീസിൽ എത്തി കത്ത് നൽകി പുറത്തിറങ്ങി താൻ കാണാൻ തയാറായില്ലെന്നു പറയുകയായിരുന്നു. ഇങ്ങനെ പറയുന്നത് മര്യാദകേടാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നെ കാണാൻ വരുന്ന എല്ലാവരെയും കാണുന്ന ആളാണ് താൻ. മുൻകൂട്ടി അറിയിച്ചു വന്നാൽ ഇനിയും കാണാൻ തയാറാണെന്നും സതീശൻ പറഞ്ഞു.