കൊലപാതകക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
Thursday, September 4, 2025 2:14 AM IST
ഇരിങ്ങാലക്കുട: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽപോയ പ്രതിയെ തലശേരിയിൽനിന്നു പിടികൂടി റിമാൻഡ് ചെയ്തു.
2022 ഏപ്രിൽ 13ന് ഇടുക്കി മാങ്കുളം പാന്പുകയംകര സ്വദേശി പുല്ലാനികിഴക്കേതിൽ അജയകുമാറിനെ(50) കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ തളിപ്പറന്പ് പഴശിമയ്യിൽ സ്വദേശി ദീപക് (28) ആണു പിടിയിലായത്.
ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂൾ വിഎച്ച്എസ്ഇ ഓഫീസിന്റെ മുൻവശത്തെ വരാന്തയിൽ സ്കൂൾ വാച്ച്മാനാണ് അജയകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്നു കണ്ടെത്തി പ്രതി ദീപക്കിനെ 2022 മേയ് 23ന് അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങി ഒളിവിൽപോയ ഇയാൾക്കെതിരേ കോടതി ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചിരുന്നു.