യൂത്ത് കോണ്ഗ്രസ് നേതാവിനു മർദനമേറ്റ കേസ് ; ഇടിമുറി ദൃശ്യങ്ങൾ പുറത്ത്
Thursday, September 4, 2025 2:15 AM IST
കുന്നംകുളം: യൂത്ത് കോണ്ഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിച്ചു പരിക്കേൽപ്പിച്ച കുന്നംകുളം സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരേ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത നടപടിക്കു പിന്നാലെയാണു മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നത്.
ഏറെക്കാലം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതിയും വിവരാവകാശ കമ്മീഷനും നേരിട്ടിടപെട്ടാണ് 2023 ഏപ്രിലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. നിയമചരിത്രത്തിലെ അപൂർവമായ നടപടികളിലൂടെയാണു കോടതി പോലീസുകാരെ പ്രതികളാക്കി കേസെടുത്തത്.
2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്. സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിട്ടു തുടർ ന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.
മദ്യപിച്ചു പ്രശ്നമുണ്ടാക്കിയെന്നും പോലീസിനെ ഉപദ്രവിച്ചെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് വ്യാജ എഫ്ഐആർ തയാറാക്കി സുജിത്തിനെ ജയിലിൽ അടയ്ക്കാനായിരുന്നു നീക്കം. വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നു വ്യക്തമായതോടെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിനു ജാമ്യം അനുവദിച്ചു.
കോടതിയുടെ നിർദേശമനുസരിച്ചു നടത്തിയ വൈദ്യപരിശോധനയിൽ പോലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്കു കേൾവിത്തകരാറുണ്ടായെന്നു കണ്ടെത്തി. തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.
പോലീസുകാർ പ്രതികളായ കേസായതിനാൽ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു നടപടികൾ.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സുജിത്തിനെ അഞ്ചു പോലീസുകാർ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പോലീസിനെതിരേ സുജിത്ത് നടത്തിയ ധീരമായ നിയമപോരാട്ടത്തിനൊടുവിലാണു പോലീസുകാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ കുന്നംകുളം ഒന്നാംക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് എൽ. ജയന്ത് ഉത്തരവിട്ടത്.
വിവരാവകാശ കമ്മീഷന്റെ കർശന നിർദേശം; ദൃശ്യങ്ങൾ നൽകാതിരിക്കാൻ പോലീസിന്റെ പതിനെട്ടടവ്
കുന്നംകുളം: പോലീസ് സ്റ്റേഷനിലെ ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വരാതിരിക്കാൻ പതിനെട്ടടവും പോലീസ് പയറ്റിയി രുന്നു. സുജിത്ത് പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയാറായില്ല. ഉദ്യോഗസ്ഥരെ ജില്ലയിൽ ക്രമസമാധാന ചുമതലകൾക്കു നിയോഗിക്കുകയും ചെയ്തു.
ഇതിനെതിരേ സുജിത്ത് കോടതിയെ സമീപിച്ചതോടെയാണ് കേസെടുത്തത്. മർദനത്തിന്റെ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞു മുടക്കി.
വിവരാവകാശ നിയമ പ്രകാരം സിസിടിവി ദൃശ്യം ആവശ്യപ്പെട്ടെങ്കിലും നിസഹകരണം തുടർന്നു. സുജിത്ത് നൽകിയ അപ്പീലിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ ദൃശ്യങ്ങൾ നൽകാൻ അസാധാരണ ഉത്തരവിട്ടു.
തുടർന്നും അലംഭാവം തുടർന്നതോടെ സുജിത്തിനെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി രണ്ടുപേരുടെയും വാദം കേട്ടു. ദൃശ്യങ്ങൾ നൽകാൻ കമ്മീഷൻ കർശന നിർദേശം നൽകി. നിലവിൽ കേസിൽ വിചാരണ നടക്കുകയാണ്.
നേരത്തേ, ക്രൈം റിക്കാർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന കെ.സി. സേതു സിറ്റി പോലീസ് കമ്മീഷണർക്കു സമർപ്പിച്ച റിപ്പോർട്ടിലും സുജിത്തിനു മർദനമേറ്റെന്നു സ്ഥിരീകരിച്ചിരുന്നു.