സർക്കാരിന്റെ ഓണക്കാലച്ചെലവ് 20,000 കോടി രൂപയിലേക്ക്
Wednesday, September 3, 2025 2:06 AM IST
തിരുവനന്തപുരം: ഓണക്കാലത്തേക്ക് ട്രഷറി വഴിയുള്ള സംസ്ഥാന സർക്കാരിന്റെ ചെലവ് 20,000 . ഓണത്തിനുള്ള സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ബോണസും ഉത്സവബത്തയും ഉൾപ്പെടെയാണിത്.
ജീവനക്കാർക്കുള്ള ബോണസ് 500 രൂപ വർധിപ്പിച്ച് 4500 രൂപയാക്കി. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2,750ൽ നിന്ന് 3,000 രൂപയാക്കി ഉയർത്തി. പെൻഷൻകാരുടെ ഉത്സവബത്തയും 250 രൂപ വർധിപ്പിച്ച് 1250 രൂപയാക്കി. 12,100 കോടി രൂപയാണു നീക്കിവച്ചത്.
കുടിശികയടക്കം രണ്ടുമാസത്തെ സാമൂഹികസുരക്ഷാ പെൻഷൻ ഓണത്തിനു രണ്ടാഴ്ച മുൻപു വിതരണം തുടങ്ങി. 1,800 കോടി രൂപയാണ് ഇതിനായി നൽകിയത്. എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും 6,03,291 കിറ്റുകൾ വിതരണം ചെയ്തു. 34.29 കോടി രൂപ ഇതിനായി നീക്കിവച്ചു.
കരാർസ്കീം തൊഴിലാളികൾക്കുള്ള ഉത്സവബത്ത 250 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആശാ വർക്കർമാർ, അങ്കണവാടി, ബാലവാടി ഹെൽപ്പർമാർ, ആയമാർ എന്നിവർക്ക് ഉത്സവബത്ത 1450 രൂപയായി വർധിപ്പിച്ചു.
പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവർക്ക് 1350 രൂപ വീതം നൽകി. ബഡ്സ് സ്കൂൾ അധ്യാപകർ, ജീവനക്കാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചർമാർ, കിശോരി ശക്തിയോജന സ്കൂൾ കൗണ്‍സിലർമാർ തുടങ്ങിയവർക്ക് 1450 രൂപ വീതം നൽകി.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് ഉത്സവബത്ത 1550 രൂപയാക്കി. പ്രേരക്മാർ, അസിസ്റ്റന്റ് പ്രേരക്മാർ എന്നിവർക്ക് 1250 രൂപ വീതമായിരുന്നു. സ്പെഷൽ സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് 1250 രൂപ വീതം നൽകി. എസ്സി-എസ്ടി പ്രമോട്ടർമാർ, ടൂറിസം ലൈഫ് ഗാർഡ്, ആഭ്യന്തര വകുപ്പിനു കീഴിലെ ഹോം ഗാർഡ് എന്നിവർക്ക് 1460 രൂപ വീതം നൽകി.
തൊഴിലുറപ്പു തൊഴിലാളികൾക്ക് 200 രൂപ വീതം വർധിപ്പിച്ചു. 60 കോടി രൂപ വിതരണം ചെയ്തു.പൂട്ടിക്കിടക്കുന്ന 425 കശുവണ്ടി ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്ക് ഓണം ആശ്വാസം 250 രൂപ വർധിപ്പിച്ച് 2250 രൂപ വീതം എക്സ്ഗ്രേഷ്യഅനുവദിച്ചു. ഖാദി തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപ വർധിപ്പിച്ചു. ലോട്ടറി ഏജന്റുമാർക്കും വില്പനക്കാർക്കും 7500 രൂപ വീതവും പെൻഷൻകാർക്ക് 2750 രൂപയുമായിരുന്നു സഹായം.
കെഎസ്ആർടിസിക്ക് ഓഗസ്റ്റിൽ 122 കോടി നൽകി. ഇതുവഴി ശന്പളവും 3000 രൂപ ബോണസും ഉത്സവബത്തയും ഓണത്തിനു മുൻപേ നൽകി.
വിലക്കയറ്റം തടയാൻ സപ്ലൈകോയും കണ്‍സ്യൂമർ ഫെഡും അടക്കമുള്ളവയുടെ വിപണി ഇടപെടലിനായി 262 കോടി രൂപ ഓഗസ്റ്റിൽ നൽകിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.