ഷാജൻ സ്കറിയയ്ക്കു മർദനം ; അറസ്റ്റിലായവർക്കു ജാമ്യം
Wednesday, September 3, 2025 2:05 AM IST
തൊടുപുഴ: ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
മുതലക്കോടം പട്ടയംകവല കൊല്ലപ്പള്ളി മാത്യൂസ് കെ. സാബു (28), ഇടവെട്ടി ആലയ്ക്കൽ ഷിയാസ് ഇസ്മയിൽ (28), കുമ്മംകല്ല് കൊച്ചുവീട്ടിൽ അക്ബർ അലി (24), തെക്കുംഭാഗം ആനിക്കാട്ടിൽ ടോണി തോമസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ അഞ്ചു പേർക്കെതിരേ വധശ്രമത്തിനാണു കേസെടുത്തത്. പ്രതികൾക്കു മജിസ്ട്രേറ്റ് കോടതിയിൽനിന്നു ജാമ്യം ലഭിച്ചു. ബംഗളൂരുവിൽനിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തൊടുപുഴയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഷാജനെ ശനിയാഴ്ച വൈകുന്നേരം മങ്ങാട്ടുകവലയിൽവച്ചാണ് കറുത്ത ജീപ്പിലെത്തിയ അഞ്ചു പേർ മർദിച്ചത്. ഷാജൻ സഞ്ചരിച്ച കാറിൽ ജീപ്പിടിപ്പിച്ച ശേഷം വാഹനം നിർത്തിയപ്പോൾ ഡോർ തുറന്നു മുഖത്തും ദേഹത്തും ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഷാജനെ തൊടുപുഴ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനുശേഷം പ്രതികൾ ബംഗളൂരുവിലേക്കു കടന്നു. ഇവിടെ ഒളിവിൽ കഴിയുന്നതിനിടെയാണു പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.