നവീകരിച്ച പദ്ധതികൾ നാളികേര മേഖലയുടെ വളർച്ച വേഗത്തിലാക്കും: എം.കെ. രാഘവൻ
Wednesday, September 3, 2025 2:05 AM IST
കൊച്ചി: നാളികേര വികസന ബോർഡിന്റെ നവീകരിച്ച പദ്ധതികൾ രാജ്യത്തെ നാളികേരമേഖലയുടെ പ്രതിസന്ധികൾ മറികടക്കാനും സമഗ്ര വളർച്ച സാധ്യമാക്കാനും സഹായിക്കുമെന്ന് ബോർഡംഗം എം.കെ. രാഘവൻ എംപി.
അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിലുള്ള നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം, രോഗകീടങ്ങളുടെ ആക്രമണം, വിപണിയിലെ പ്രത്യാഘാതങ്ങൾ തുടങ്ങിയവ വെല്ലുവിളികളാണ്. നാളികേര ഉത്പാദനത്തിൽ ദേശീയ ശരാശരിയിലും പിന്നിലേക്കു പോയ കേരളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നാളികേര കൃഷി വികസനത്തിനു ഹെക്ടറിന് 56,000 രൂപ കൃഷിക്കാർക്ക് ഇനി ലഭിക്കുമെന്ന് കേന്ദ്ര ഹോർട്ടികൾച്ചർ കമ്മീഷണറും നാളികേര വികസന ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. പ്രഭാത് കുമാർ പറഞ്ഞു. തൈകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു തൈക്ക് 45 രൂപവീതം സാമ്പത്തികസഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളികേര വികസന ബോർഡ് ചെയർമാൻ സുബ്ബ നാഗരാജൻ, നാളികേര വികസന ഓഫീസർ ഡോ.ബി. ഹനുമന്ത ഗൗഡ, ബോർഡ് സെക്രട്ടറി പ്രമോദ് പി. കുര്യൻ എന്നിവർ പ്രസംഗിച്ചു.
ആലുവ വാഴക്കുളത്തെ പുതിയ കർഷക ഹോസ്റ്റലിന്റെ ഫലകം അനാച്ഛാദനവും എംപി നിർവഹിച്ചു. ബോർഡിന്റെ പുതിയ നാല് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും നടന്നു.
പുരസ്കാരങ്ങൾ നൽകി
നാളികേരാനുബന്ധ മേഖലയിൽ കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവുമധികം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്ത വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
ഉത്തേജിത ചിരട്ടക്കരി ഏറ്റവുമധികം കയറ്റി അയച്ചതിന് തമിഴ്നാട്ടിലെ കാങ്കയത്ത് പ്രവർത്തിക്കുന്ന യുണൈറ്റഡ് കാർബൺ സൊലൂഷൻസ്, തിരുനൽവേലിയിലെ നോവ കാർബൺസ്, കോയമ്പത്തൂരിലെ ജെക്കോബി കാർബൺസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വെളിച്ചെണ്ണയും അനുബന്ധ ഉത്പന്നങ്ങളും കയറ്റി അയച്ചതിന് മുംബൈയിലെ മാരിക്കോ, ആലുവയിലെ മെഴുക്കാട്ടിൽ, മുംബൈയിലെ ഫെയർ എക്സ്പോർട്സ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും പുരസ്കാരങ്ങൾക്ക് അർഹരായി.
തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ കയറ്റി അയച്ച കോയമ്പത്തൂരിലെ ശക്തി കൊക്കോ പ്രോഡക്ട്സും ഏറ്റവും കൂടുതൽ നീര കയറ്റി അയച്ചതിന് തിരുപ്പൂരിലെ ഗ്ലോബൽ നാളികേര ഉത്പാദക സംഘവും പുരസ്കാരങ്ങൾക്ക് അർഹമായി.
മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം ഉത്തേജിത കരി കയറ്റുമതി ചെയ്യുന്ന കോയമ്പത്തൂരിലെ കാർബർ പ്രൈവറ്റ് ലിമിറ്റഡിനാണ്.
ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപ വീതവും ഫലകവും പ്രശംസാപത്രവും നൽകി.