സ്റ്റേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിൽ
Wednesday, September 3, 2025 2:05 AM IST
മരട്: അപകടക്കേസിലെ വാഹനം വിട്ടുനൽകുന്നതിനു 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിലായി.
മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കാഞ്ഞിരമറ്റം സ്വദേശിയുമായ കെ. ഗോപകുമാറി (56) നെയാണു സ്റ്റേഷനിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. എറണാകുളം വിജിലൻസ് ഡിവൈഎസ്പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പള്ളിക്കര സ്വദേശി ഷിബു വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ ലോറി കഴിഞ്ഞ 25ന് വൈകുന്നേരം വൈറ്റില ഹബ്ബിനു സമീപം അപകടത്തിൽപ്പെട്ടിരുന്നു. ഡ്രൈവർക്കു ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്നായിരുന്നു അപകടം. ഇതേത്തുടർന്ന് ലോറി വൈദ്യുത പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ചു.
സംഭവത്തിൽ മരട് പോലീസ് കേസെടുക്കുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഗ്രേഡ് എസ്ഐ ഗോപകുമാർ ലോറി ഉടമയായ ഷിബു വർഗീസിനെ ഫോണിൽ വിളിച്ചു കേസിൽപ്പെട്ട ലോറി വിട്ടുനൽകുന്നതിനു സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
നേരിൽ കണ്ടപ്പോൾ 10,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പരാതിക്കാരന് ബുദ്ധിമുട്ടുകളും ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞെങ്കിലും അതുകേള്‍ക്കാന്‍ ഗോപകുമാര്‍ തയാറായില്ല.
ഏറ്റവും കുറഞ്ഞ തുകയാണു താൻ ആവശ്യപ്പെട്ടതെന്നും തുക കുറയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു ഗോപകുമാറിന്റെ മറുപടി. ഇതോടെ ലോറി ഉടമ വിജിലൻസിനെ സമീപിച്ചു. വിജിലന്‍സ് മേധാവിയുടെ നിര്‍ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം നാലോടെ മരട് സ്റ്റേഷനില്‍ വച്ച് പരാതിക്കാരനില്‍നിന്നു 10,000 രൂപ കൈക്കൂലി വാങ്ങവേ ഗോപകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.