ജപ്തിനടപടിയിൽ രക്ഷകനായി മുൻ എംഎൽഎ
Thursday, September 4, 2025 2:14 AM IST
കോലഞ്ചേരി: വായ്പാകുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്യപ്പെട്ട കുടുംബത്തിന് ആശ്വാസമായി മുൻ എംഎൽഎയുടെ ഇടപെടൽ. കുന്നത്തുനാട് മുൻ എംഎൽഎ വി.പി. സജീന്ദ്രനിൽനിന്ന് കുടുംബത്തിന്റെ നിസഹായാവസ്ഥ മനസിലാക്കിയ അദ്ദേഹത്തിന്റെ സുഹൃത്തായ പ്രവാസിമലയാളി മുഴുവൻ വായ്പാകുടിശികയും അടച്ചുതീർക്കാമെന്ന് ഉറപ്പുനൽകി.
കഴിഞ്ഞദിവസം മുത്തശിയെയും പിഞ്ചുകുഞ്ഞിനെയും വീടിനു പുറത്താക്കി സ്വകാര്യ ധനകാര്യസ്ഥാപനം വീട് ജപ്തി ചെയ്തതു വലിയ വാർത്തയായിരുന്നു. കുഞ്ഞിന്റെ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു ജപ്തി നടപടി.
വാർത്ത നവമാധ്യമങ്ങളിലൂടെ പങ്കുവച്ച കെപിസിസി വൈസ് പ്രസിഡന്റുകൂടിയായ വി.പി. സജീന്ദ്രൻ, കോട്ടയം പാലാ സ്വദേശിയും അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിര താമസക്കാരനുമായ തന്റെ സുഹൃത്ത് ജോസ് തോട്ടുങ്കലിനെ ബന്ധപ്പെടുകയായിരുന്നു. ലോൺ കുടിശിക മുഴുവൻ താൻ നൽകാമെന്നും ഇക്കാര്യം കുടുംബത്തെ അറിയിക്കണമെന്നും സജീന്ദ്രനെ ജോസ് തോട്ടുങ്കൽ അറിയിച്ചു. ഇതനുസരിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലാശേരിയോടും വാർഡ് മെംബർ നിഷ സജീവിനുമൊപ്പം വി.പി. സജീന്ദ്രൻ കുടുംബത്തെ നേരിൽക്കണ്ടു കാര്യം അറിയിക്കുകയായിരുന്നു.
2019ൽ അഞ്ചു ലക്ഷത്തോളം രൂപ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ കടവന്ത്ര ശാഖയിൽനിന്ന് സ്വാതി എടുത്തിരുന്നു. 3,95,000 രൂപ അടച്ചതായും ബാക്കി തുക തിരികെ അടയ്ക്കാൻ സാധിച്ചില്ലെന്നും സ്വാതി പറഞ്ഞിരുന്നു. ജപ്തി ചെയ്ത് താഴിട്ടു പൂട്ടിയ വീട് തുറന്നുകൊടുത്ത് കുടുംബാംഗങ്ങളെ വീട്ടിൽ കയറ്റിയത് നിലവിലെ എംഎൽഎ അഡ്വ. പി.വി. ശ്രീനിജിനാണ്.