ചരക്കു ഗതാഗതം; റെയിൽവേ കൈവരിച്ചത് റിക്കാർഡ് നേട്ടം
Wednesday, September 3, 2025 2:05 AM IST
പരവൂർ: ചരക്കു ഗതാഗതത്തിൽ ഇന്ത്യൻ റെയിൽവേ ഓഗസ്റ്റിൽ കൈവരിച്ചത് റിക്കാർഡ് നേട്ടം. കഴിഞ്ഞ മാസം ചരക്കുഗതാഗതം വഴി നേടിയത് 14,100 കോടി രൂപയാണ്. റെയിൽവേയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്.
ഓഗസ്റ്റിൽ റെയിൽവേ വഴി കയറ്റി അയച്ച ചരക്കുകളുടെ അളവ് 130.9 ദശലക്ഷം ടണ്ണാണ്. സ്റ്റീൽ, കൽക്കരി തുടങ്ങിയ മേഖലകളിലെ ശക്തമായ പ്രകടനവും മറ്റ് കാർഗോ വിഭാഗങ്ങളിലെ ആരോഗ്യകരമായ വൈവിധ്യവത്കരണവുമാണ് ചരക്കു കയറ്റി അയയ്ക്കുന്നതിലെയും വരുമാനത്തിലെ വളർച്ചയ്ക്കും കാരണമായിട്ടുള്ളത്.
മിനറൽ ഓയിൽ, ആഭ്യന്തര കണ്ടെയ്നറുകൾ, എക്സിം കണ്ടെയ്നറുകൾ എന്നിവയുടെ ലോഡിംഗിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടായില്ലെന്നും റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ സൂചിപ്പിക്കുന്നു. ഇതിൽക്കൂടി ഗണ്യമായ വർധന ഉണ്ടായിരുന്നെങ്കിൽ വളർച്ചയിൽ കുതിച്ചുചാട്ടംതന്നെ ഉണ്ടാകുമായിരുന്നു എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിലെ മൊത്തം ചരക്ക് അളവ് 130.9 ദശലക്ഷം ടണ്ണാണ്. 2024 ഓഗസ്റ്റിൽ ഇത് 120.6 ദശലക്ഷം ടണ്ണായിരുന്നു. ഒരു വർഷത്തിനിടയിൽ 8.5 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചു.
കൽക്കരിയിൽ ഒമ്പത് ശതമാനം, ഫിനിഷ്ഡ് സ്റ്റീലിൽ 22 ശതമാനം, മിനറൽ ഓയിലിൽ 4.5 ശതമാനം, ആഭ്യന്തര കണ്ടെയ്നുകളിൽ ആറ് ശതമാനം, എക്സിം കണ്ടെയ്നറുകളിൽ അഞ്ച് ശതമാനം, മറ്റ് സാധനങ്ങളിൽ 31 ശതമാനം എന്നിങ്ങനെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ചരക്കു ഗതാഗതത്തിൽ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്.
വാർഷികാടിസ്ഥാനത്തിലെ കണക്കെടുപ്പിൽ ചരക്ക് ലോഡ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.1 ശതമാനം വർധിച്ച് 673.6 ദശലക്ഷം ടണ്ണിൽ എത്തിയിട്ടുമുണ്ട്.
2025-26 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ചരക്ക് ലോഡിംഗ് ലക്ഷ്യം 1,702.5 ദശലക്ഷം ടൺ ആയാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25ൽ ഇത് 1617.38 ദശലക്ഷം ടൺ ആയിരുന്നു. ഇക്കുറി 5.2 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ചരക്കു ഗതാഗതത്തിന്റെ പകുതിയിലധികവും കൽക്കരിയാണ്. മൺസൂൺ കാലയളവിനുശേഷം കൽക്കരി ലോഡിംഗിൽ ഇത്തവണ കാര്യമായ വർധനയാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.