സൈനികശേഷി പ്രദർശിപ്പിച്ച് ചൈന
Thursday, September 4, 2025 2:35 AM IST
ബെയ്ജിംഗ്: സമാധാനം വേണമോ അല്ലെങ്കിൽ യുദ്ധം വേണമോ എന്ന ചോദ്യം ലോകം നേരിടുന്ന സമയമാണിതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ മുന്നറിയിപ്പ്.
രണ്ടാം ലോകമഹായുദ്ധത്തിൽ അധിനിവേശ ജപ്പാൻ സേന പരാജയപ്പെട്ടതിന്റെ 80-ാം വർഷികത്തോടനുബന്ധിച്ച് ബെയ്ജിംഗിൽ നടന്ന വന്പൻ സൈനിക പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധത്തെ ലോകം നേരിടുന്ന സമയത്ത് ചൈനയുടെ സൈനിക ശക്തിയും നയതന്ത്ര സ്വാധീനവും എടുത്തുകാട്ടിയ പരേഡിൽ 26 രാഷ്ട്രത്തലവന്മാരാണു പങ്കെടുത്തത്.
പാശ്ചാത്യ ശക്തികളിൽനിന്ന് ഒറ്റപ്പെടൽ നേരിടുന്ന റഷ്യൻ പ്രസിഡന്റ് പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും വിശിഷ്ടാതിഥികളായിരുന്നു. ഗാലറിയിൽ ഇരുവർക്കും നടുവിലാണ് ഷി ഇരുന്നത്. ഇരുവരുമായും അദ്ദേഹം കൂടെക്കൂടെ സംസാരിച്ചു.
ടിയാനൻമെൻ ചത്വരത്തിൽ പരേഡ് വീക്ഷിക്കാനെത്തിയ 50,000 പേരെ അഭിസംബോധന ചെയ്ത ഷി, മനുഷ്യകുലം ചർച്ച അല്ലെങ്കിൽ യുദ്ധം എന്ന സാഹചര്യത്തെ നേരിടുന്ന കാലമാണിതെന്നു പറഞ്ഞു. ചൈനീസ് ജനത എന്നും ചരിത്രത്തിൽ ശരിയായ സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാവോയുടെ വേഷത്തിൽ ഷി
കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകൻ മാവോ സേതുംഗിന്റെ അതേ വേഷംതന്നെയാണ് ഷി ധരിച്ചത്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ, ജല ഡ്രോണുകൾ, ‘റോബോട്ട് ചെന്നായ’, ലേസർ ഉപകരണങ്ങൾ തുടങ്ങിയ സൈനികോപകരണങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു.
എൺപതിനായിരം ‘സമാധാന’ പക്ഷികളെ തുറന്നുവിട്ടുകൊണ്ടാണ് 70 മിനിറ്റ് നീണ്ട പരേഡ് സമാപിച്ചത്.
ഇറേനിയൻ പ്രസിഡന്റ് പസെഷ്കിയാൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച്, സ്ലൊവാക് പ്രധാനമന്ത്രി റോബർട്ട് ഫിസോ തുടങ്ങിയ രാഷ്ട്രനേതാക്കളാണു ബെയ്ജിംഗിൽ സന്നിഹിതരായത്.
ഇന്തോനേഷ്യയിലെ ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ചൈനാ പര്യടനം റദ്ദാക്കിയിരുന്ന പ്രസിഡന്റ് പ്രബോവോ സുബിയാന്തോ അപ്രതീക്ഷിതമായി പരേഡ് വീക്ഷിക്കാനെത്തി.