സിയെറാ ലിയോണിൽ വൈദികൻ കൊല്ലപ്പെട്ടു
Wednesday, September 3, 2025 2:45 AM IST
ഫ്രീടൗണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയെറാ ലിയോണിൽ കത്തോലിക്കാവൈദികൻ കുത്തേറ്റ് മരിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയുടെ തലസ്ഥാനമായ കെനെമയിലെ അമലോത്ഭവമാതാ ഇടവക വികാരി ഫാ. അഗസ്റ്റിൻ ദൗഡ അമാഡുവാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 30ന് രാത്രിയിലായിരുന്നു സംഭവം. വൈദികമന്ദിരത്തിന്റെ ജനൽ തകർത്ത് അകത്തുകയറിയ ആയുധധാരികൾ നടത്തിയ ആക്രമണത്തിലാണ് വൈദികന് ദാരുണമായി കൊല്ലപ്പെട്ടത്.
അഞ്ചു വർഷത്തെ സേവനത്തിനുശേഷം കെനെമ രൂപതയിലെതന്നെ കെയ്ലാഹുൻ സെന്റ് ജോൺ ഇടവകയിലേക്ക് സ്ഥലം മാറി പോകാനിരിക്കെയായിരുന്നു മരണം. പ്രദേശത്തെ യുവജനങ്ങള്‍ക്കും ദുർബലരായ കുടുംബങ്ങൾക്കുംവേണ്ടി സജീവമായി ഇടപെട്ടിരുന്ന ഫാ. അഗസ്റ്റിൻ ദൗഡ, അഴിമതിക്കും കുറ്റകൃത്യങ്ങൾക്കുമെതിരേ ശക്തമായി സ്വരമുയര്‍ത്തിയിരുന്നു.
പ്രാദേശിക സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തു വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയുടെ ഭാഗമാണു കൊലപാതകം.