ഫ്രാൻസിൽ അഞ്ചുപേർക്ക് കുത്തേറ്റു; അക്രമിയെ വകവരുത്തി പോലീസ്
Thursday, September 4, 2025 2:35 AM IST
പാരീസ്: ഫ്രാൻസിലെ മാഴ്സെയിൽ കത്തിയാക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പ്രതിയായ ടുണീഷ്യൻ വംശജനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. തുറമുഖനഗരമായ മാഴ്സെയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഒരു ഹോട്ടലിനുള്ളിൽ വച്ചാണ് പ്രതി അടുത്തുണ്ടായിരുന്നവരെ കത്തികൊണ്ടു കുത്തിയത്. ഭക്ഷണം കഴിച്ചശേഷം പണം നൽകാത്തതിന് ഇയാളെ ഈ ഹോട്ടലധികൃതർ പിടിച്ചുപുറത്താക്കിയിരുന്നു.
പിന്നാലെയാണ് ഇയാൾ ഹോട്ടലിലേക്ക് അതിക്രമിച്ചു കടന്ന് കത്തിയാക്രമണം നടത്തിയത്. കുത്തേറ്റവരിൽ ഹോട്ടൽ മാനേജരും അദ്ദേഹത്തിന്റെ മകനുമുൾപ്പെടുന്നു.
ഹോട്ടലിലെ അതിക്രമത്തിനുശേഷം തിരക്കേറിയ റോഡിലേക്കിറങ്ങിയും ഇയാൾ രണ്ടു കത്തികളുമായി ആക്രമണം നടത്തി. ഈ ആക്രമണത്തിൽ രണ്ടുപേർക്ക് നിസാര പരിക്കേറ്റു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇയാളോട് കത്തി നൽകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
വിവരമറിഞ്ഞ് ആഭ്യന്തരമന്ത്രി ബ്രൂണോ റീതെയ്യോ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.