വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനവും രക്തസാക്ഷികളുടെ നാമോച്ചാരണവും
Friday, September 5, 2025 3:06 AM IST
വത്തിക്കാൻ: റഷ്യൻ കമ്യൂണിസ്റ്റ് പീഡനത്തിൽ മരണമടഞ്ഞ ആർച്ച്ബിഷപ് എഡ്വേർഡ് പ്രോഫിറ്റ്ലിക്കിനെ നാളെ എസ്തോണിയയുടെ തലസ്ഥാനമായ തള്ളിൻ നഗര ചത്വരത്തിൽവച്ച് ലെയോ മാർപാപ്പയുടെ പ്രത്യേക പ്രതിനിധി കർദിനാൾ ക്രിസ്റ്റോഫ് ഷേൺബോൺ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.
1890ൽ ജർമനിയിൽ ജനിച്ച ഈശോസഭാംഗമായ ആർച്ച്ബിഷപ് എഡ്വേർഡ് പ്രോഫിറ്റ്ലിക്ക് 1936ൽ എസ്തോണിയയിൽ ബിഷപ്പായി നിയമിതനായി. സോവിയറ്റ് റഷ്യ 1940ൽ എസ്തോണിയ കീഴടക്കിയതോടെ ജർമൻ ചാരനും കമ്യൂണിസ്റ്റ് വിരുദ്ധനുമായി മുദ്ര കുത്തപ്പെട്ട് കിറോവ് തടങ്കൽപാളയത്തിൽ അടയ്ക്കപ്പെട്ടു.
മരണത്തിനു വിധിക്കപ്പെട്ട അദ്ദേഹം 1942 ഫെബ്രുവരി 22ന് ജയിലിൽവച്ച് മരിച്ചു. റഷ്യയിൽനിന്ന് എസ്തോണിയ മോചിതമായശേഷം 1990 ജൂൺ 12നാണ് എസ്തോണിയൻ സുപ്രീംകോടതി അദ്ദേഹത്തിന്റെ മരണം സ്ഥീരീകരിക്കുന്നത്. മരണാനന്തരം സുപ്രീംകോടതി അദ്ദേഹത്തെയും തടവുകാരനായിരുന്ന സഹവൈദികരെയും കുറ്റവിമുക്തരാക്കുകയും ചെയ്തു.
വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു മുന്നോടിയായി തള്ളിനിലെ ഡൊമിനിക്കൻ ആശ്രമത്തിൽ, സോവിയറ്റ് കമ്യൂണിസ്റ്റ് ആധിപത്യത്തിൽ രക്തസാക്ഷികളായ 22,600 എസ്തോണിയൻ പൗരൻമാരുടെ പേരുകൾ ഉച്ചരിക്കുന്ന ചടങ്ങ് ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ചു.
1941-1990 വർഷങ്ങളിലാണ് ഇത്രയുംപേർ കൊല്ലപ്പെട്ടത്. ഡൊമിനിക്കൻ സന്യാസിമാരും ഫ്രാ അഞ്ചേലിക്കോ സമിതിയും ചേർന്നു നടത്തുന്ന വായന 21 മണിക്കൂർ നീളും. ഇന്നുച്ചയ്ക്ക് തള്ളിനിലെ സെന്റ് പീറ്റർ ആൻഡ് പോൾ ഭദ്രാസനപ്പള്ളിയിൽ നടക്കുന്ന പ്രദക്ഷിണത്തോടെ നാമപാരായണം അവസാനിക്കും. നഗരചത്വരത്തിൽ ഇന്നു രാത്രി രക്തസാക്ഷികളുടെ ബഹുമാനാർഥം സംഗീതാർച്ചനയും നടക്കും.