അമർത്യത ചർച്ച ചെയ്ത് ഷിയും പുടിനും
Friday, September 5, 2025 3:06 AM IST
ബെയ്ജിംഗ്: ഏകാധിപത്യപ്രവണതയുള്ള മൂന്നു ഭരണാധിപന്മാർ ഒത്തുകൂടിയപ്പോൾ സംസാരിച്ചത് അമർത്യതയെക്കുറിച്ച്. ബുധനാഴ്ച ബെയ്ജിംഗിലെ സൈനികപരേഡ് വീക്ഷിക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
പരിഭാഷകരുടെ സഹായത്തോടെ നടത്തിയ സംഭാഷണം അബദ്ധത്തിൽ മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും അടുത്തുണ്ടായിരുന്നു.
പണ്ടുകാലത്ത് 70 വയസു വരെ ജീവിക്കുന്നതുതന്നെ അപൂർവമായിരുന്നുവെന്നും ഇക്കാലത്ത് എഴുപതും ശൈശവാവസ്ഥയാണെന്നും ഷി പറയുന്നു. ബയോടെക്നോളജി വികസിച്ചതോടെ അവയവങ്ങൾ ഏപ്പോൾ വേണമെങ്കിലും മാറ്റിവയ്ക്കാമെന്നും ചെറുപ്പമായി ജീവിക്കാനാകുമെന്നും വേണമെങ്കിൽ മരണമില്ലായ്മതന്നെ സാധ്യമാണെന്നും പുടിൻ മറുപടി നല്കുന്നു. 150 വർഷം വരെ ജീവിക്കാനുള്ള സാധ്യതയുണ്ടെന്നു ഷി തുടർന്ന് ചൂണ്ടിക്കാട്ടി.ചൈനീസ് സർക്കാർ ടിവിയുടെ തത്സമയം സംപ്രേഷണത്തിലാണു പരിഭാഷകരുടെ സംസാരം പുറത്തുവന്നത്.
പുടിൻ തുടർന്ന് റഷ്യൻ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും ഇക്കാര്യം ആവർത്തിക്കുകയുണ്ടായി. അവയവം മാറ്റിവയ്ക്കൽ, ശസ്ത്രക്രിയ തുടങ്ങിയ മേഖലകളിലുണ്ടായ പുരോഗതി മൂലം മനുഷ്യന്റെ ആയുർദൈർഘ്യം വർധിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പുടിൻ 25 വർഷമായി റഷ്യ ഭരിക്കുന്നു. ഷി ചിൻപിംഗ് 13 വർഷമായി ചൈനീസ് പ്രസിഡന്റാണ്. ഇരുവരും അവരവരുടെ രാജ്യങ്ങളെ ഉരുക്കുമുഷ്ടിയിൽ നിയന്ത്രിക്കുന്നവരാണ്; സ്ഥാനമൊഴിയുമെന്ന് ഒരിക്കൽ പോലും സൂചന നല്കാത്തവരും. കുടുംബവാഴ്ച നിലവിലുള്ള ഉത്തരകൊറിയയെ 2011 മുതൽ ഭരിക്കുന്നത് കിം ജോംഗ് ഉൻ ആണ്.