ഇന്ത്യ-റഷ്യ-ചൈന ഐക്യത്തെ വിമർശിച്ച് യുഎസ്
Wednesday, September 3, 2025 2:45 AM IST
ന്യൂയോർക്ക്/വാഷിംഗ്ടൺ: ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കൾ തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഐക്യപ്രകടനം വളരെ വിഷമകരമായ കാര്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ.
റഷ്യയോടൊപ്പമല്ല, വാഷിംഗ്ടൺ, യൂറോപ്പ്, യുക്രെയ്ൻ എന്നിവരോടൊപ്പമാണ് ഇന്ത്യ നിൽക്കേണ്ടതെന്നും നവോരോ അഭിപ്രായപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഏകാധിപതികളോടൊപ്പം നിൽക്കുന്നത് ശരിയല്ല. മോദി എന്താണ് ചിന്തിക്കുന്നതെന്നു മനസിലാകുന്നില്ല.
ചൈനയുമായി പതിറ്റാണ്ടുകളായി ശീതയുദ്ധത്തിലാണ് ഇന്ത്യ. പാക്കിസ്ഥാൻ സൈന്യത്തിനു സാന്പത്തികസഹായം നൽകിയതും ആണവായുധങ്ങൾ വികസിപ്പിക്കാൻ സഹായിച്ചതും ചൈനയാണ്. ചൈന ഇന്ത്യൻ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
""ഇന്ത്യ ലോകത്തിൽ ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ്. ഈ പണമുപയോഗിച്ച് അവർ റഷ്യൻ എണ്ണ വാങ്ങും. റഷ്യക്കാർ കൂടുതൽ ബോംബുകളും ഡ്രോണുകളും ഉണ്ടാക്കി യുക്രെയ്ൻ ജനതയെ കൊല്ലും. പിന്നീട്, സ്വയം പ്രതിരോധിക്കാനായി യുക്രെയ്ൻ ജനത യുഎസിലെയും യൂറോപ്പിലെയും ജനങ്ങളുടെ നികുതിപ്പണവും ചോദിച്ചു വരും’’-നവാരോ പറഞ്ഞു.