സുഡാൻ മണ്ണിടിച്ചിൽ: മരണം 370 എന്ന് യുഎൻ
Thursday, September 4, 2025 2:35 AM IST
ഖാർത്തൂം: സുഡാന്റെ പടിഞ്ഞാറ് ദാർഫുറിലെ മറ മലയോര മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 370 പേരെങ്കിലും മരിച്ചിരിക്കാമെന്ന് ഐക്യരാഷ്ട്രസഭ.
വിദൂരപ്രദേശത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതിനാൽ ദുരന്തവ്യാപ്തി കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്ന് സുഡാനിലെ യുഎൻ ഡെപ്യൂട്ടി ഹ്യൂമാനിറ്റേറിയൻ കോ-ഓർഡിനേറ്റർ അന്റോയിൻ ജെരാർഡ് പറഞ്ഞു.
ഞായറാഴ്ചത്തെ ദുരന്തത്തിൽ ആയിരം പേർ മരിച്ചുവെന്നാണ് പ്രദേശത്തിന്റെ നിയന്ത്രണം കൈയാളുന്ന സുഡാൻ ലിബറേഷൻ മൂവ്മെന്റ്/സേന (എസ്എൽഎം/എ) അറിയിച്ചത്. അതേസമയം, ഇവർ നല്കുന്ന മരണസംഖ്യ ശരിയല്ലെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.