തീരുവ പൂർണമായും ഇല്ലാതാക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചെന്ന് ട്രംപ്
Tuesday, September 2, 2025 1:22 AM IST
ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: ഇന്ത്യ തങ്ങളുടെ തീരുവ പൂർണമായും ഇല്ലാതാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാൽ സമയം വൈകിപ്പോയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്ന ഇന്ത്യ വളരെക്കുറച്ചു മാത്രമേ യുഎസിൽനിന്നു വാങ്ങാറുള്ളൂവെന്നും ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
""ഇന്ത്യ യുഎസിലേക്ക് വളരെയേറെ വസ്തുക്കൾ കയറ്റി അയയ്ക്കുന്നു. എന്നാൽ യുഎസ് ഇന്ത്യയിലേക്കു വളരെക്കുറച്ചു മാത്രമേ അയയ്ക്കാറുള്ളൂ. പതിറ്റാണ്ടുകളായി ഏകപക്ഷീയമായ ഒരുതരം ബന്ധമായി ഇതങ്ങനെ തുടരുകയാണ്.
ഇന്ത്യ ഞങ്ങൾക്കുമേൽ കനത്ത തീരുവ ചുമത്തി. ഞങ്ങളുടെ വ്യവസായങ്ങൾക്ക് അത് താങ്ങാനാകുന്നില്ല. ഇപ്പോൾ ഇന്ത്യ തങ്ങളുടെ തീരുവ മൊത്തമായി ഇല്ലാതാക്കാൻ തയാറായിട്ടുണ്ട്. വൈകിപ്പോയി. വർഷങ്ങൾക്കുമുൻപ് അതു ചെയ്യേണ്ടിയിരുന്നു’’-ട്രംപിന്റെ കുറിപ്പിൽ പറയുന്നു.