ബിഹാർ വോട്ടർപട്ടിക: അവകാശവാദങ്ങൾ തുടരാം; തെര. കമ്മീഷൻ സുപ്രീംകോടതിയിൽ
Tuesday, September 2, 2025 1:29 AM IST
ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതു തുടരാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയിൽ.
തെരഞ്ഞെടുപ്പിൽ നാമനിർദേശം നൽകുന്നതിനുമുന്പ് വരെയുള്ള ദിവസങ്ങളിൽ സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് മുന്പാകെ കമ്മീഷൻ വ്യക്തമാക്കി.
ഈ മാസം ഒന്നിനുശേഷം സമർപ്പിച്ച അപേക്ഷകൾ വോട്ടർപട്ടിക അന്തിമമാക്കിയതിനുശേഷം പരിഗണിക്കും. ഈ പ്രകിയ നാമനിർദേശങ്ങളുടെ അവസാന തീയതി വരെ തുടരും. എല്ലാ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും അന്തിമ പട്ടികയിൽ ചേർക്കുമെന്നും കമ്മീഷൻ സത്യവാങ്മൂലം വഴി കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ കോടതി ഔദ്യോഗികമായി രേഖപ്പെടുത്തി.
ഇന്നലെവരെ ഉന്നയിച്ച അവകാശവാദങ്ങളും എതിർപ്പുകളുമായിരിക്കും ഈ മാസം 30ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയെന്നാണ് കമ്മീഷൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇന്നുമുതൽ നൽകുന്ന എതിർപ്പുകളും അവകാശവാദങ്ങളും ഏതു തരത്തിൽ പരിഗണിക്കുമെന്നതിൽ കമ്മീഷൻ വ്യക്തത വരുത്തിയിട്ടില്ല.
ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണത്തെ (സ്പെഷൽ ഇന്റെൻസീവ് റിവിഷൻ എസ്ഐആർ) തുടർന്ന് കരട് വോട്ടർ പട്ടികയിൽനിന്നു പുറത്തായവർക്ക് അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനുള്ള അവസാന തീയതി ഇന്നലെ അവസാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച സമയക്രമത്തിൽ വ്യക്തമാക്കിയത്. എന്നാൽ, സമയക്രമം നീട്ടണമെന്നാവശ്യപ്പെട്ടു രാഷ്ട്രീയപാർട്ടികളായ ആർജെഡിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ലിബറേഷനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സമയപരിധി അവസാനിച്ചിട്ടും അവകാശവാദങ്ങൾ ഉന്നയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻതന്നെ കോടതിയെ അറിയിച്ചതോടെ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും സുപ്രീംകോടതിയിൽനിന്ന് ഇന്നലെ ഉണ്ടായില്ല. എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കും ഹർജിക്കാർക്കും തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടിനു മറുപടിയായി സത്യവാങ്മൂലം സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരെ സഹായിക്കാൻ രാഷ്ട്രീയപാർട്ടികൾക്കു കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെ ബിഎൽഒമാരിൽനിന്ന് രണ്ട് എതിർപ്പുകൾ മാത്രമേ വന്നിട്ടുള്ളൂ എന്നതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. 7.24 കോടി വോട്ടർമാരിൽ 99 .5 ശതമാനം പേരും കൃത്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന വാദം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെയും ആവർത്തിച്ചു.
മിക്ക രാഷ്ട്രീയ പാർട്ടികളും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ നൽകുന്നില്ല. എന്നാൽ ഒഴിവാക്കലിനായി മാത്രമാണ് അപേക്ഷ സമർപ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി.
യോഗ്യത തെളിയിക്കുന്നതിനുള്ള ഏതെങ്കിലും രേഖകളിൽ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ഏഴു ദിവസത്തിനുള്ളിൽ വോട്ടർമാരെ അറിയിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. പേരുചേർക്കലുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. ഈമാസം എട്ടിനുശേഷം വിഷയം വീണ്ടും കോടതി പരിഗണിക്കും.
വോട്ടർമാരെ സഹായിക്കാൻ പാരാലീഗൽ വോളന്റിയർമാർ
വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ, എതിർപ്പുകൾ എന്നിവ ഓണ്ലൈനായി ഉന്നയിക്കുന്നതിന് വോട്ടർമാരെയും രാഷ്ട്രീയ പാർട്ടികളെയും സഹായിക്കുന്നതിന് പാരാലീഗൽ വോളന്റിയർമാരെ നിയോഗിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
ഇന്ന് ഉച്ചയ്ക്കുമുന്പ് ഇതുമായി ബന്ധപ്പെട്ട നിർദേശം ബിഹാറിലെ എല്ലാ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റികൾക്കും കൈമാറാൻ സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനോട് കോടതി ആവശ്യപ്പെട്ടു.