ഇന്ത്യ-ചൈന സഹകരണത്തെ സ്വാഗതം ചെയ്ത് സിപിഎം
Tuesday, September 2, 2025 1:29 AM IST
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലെ സഹകരണനീക്കത്തെ സ്വാഗതം ചെയ്തു സിപിഎം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെയും കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പാർട്ടി ജനറൽ സെക്രട്ടറി നയതന്ത്ര നീക്കത്തെ സ്വാഗതം ചെയ്തത്.
അയൽരാജ്യങ്ങളുടെ സഹകരണം ലോകത്തിനു ഗുണകരമാണെന്നും ചൈനയിൽനിന്നു വരുന്നതു നല്ല വാർത്തകളെന്നും ഇതു സന്തോഷകരമാണെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.
അതിർത്തിയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള പുതിയ ചുവടുവയ്പും കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കുന്നതും നേരിട്ടുള്ള വിമാന സർവീസ് പ്രാബല്യത്തിൽ വരുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഗുണകരമാണെന്നും അദ്ദേഹം "എക്സി’ൽ കുറിച്ചു.
ഇന്ത്യയും ചൈനയും തമ്മിലെ നയതന്ത്രസൗഹൃദത്തിന്റെ 75 -ാം വാർഷികത്തിലെ ശുഭസൂചനയാണിത്. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന ഇരുരാജ്യങ്ങളുടെയും തീരുമാനം നിർണായകമാണ്.
ഏഷ്യയിലെ വൻശക്തികളായ ഇന്ത്യയും ചൈനയും ബഹുരാഷ്ട്രവാദം ഉയർത്തിപ്പിടിക്കാനും സാമ്രാജ്യത്വ സമ്മർദങ്ങളെ ചെറുക്കാനും ചരിത്രപരമായ ഉത്തരവാദിത്വം വഹിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനൊപ്പം സമാധാനത്തിനും പുരോഗതിക്കും ഇരുരാജ്യങ്ങളുടെയും സഹകരണം വഴിയൊരുക്കുമെന്നും എം.എ. ബേബി പറഞ്ഞു.