രാജസ്ഥാനിൽ 55-ാം വയസിൽ 17-ാമത്തെ അപൂർവ പ്രസവം
Tuesday, September 2, 2025 1:29 AM IST
ജയ്പുർ: കൊച്ചുമക്കളുമായി കളിച്ചുകൊണ്ടിരിക്കുന്ന പ്രായത്തിൽ 17-ാം കുട്ടിക്കു ജന്മം നൽകി വാർത്തകളിലിടം പിടിച്ചിരിക്കുകയാണ് രാജസ്ഥാനിൽ ഒരമ്മ. ഉദയ്പുർ ജില്ലയിലെ ഝദോലിലുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ഈ അത്യപൂർവ പ്രസവം നടന്നത്.
മക്കളും കൊച്ചുമക്കളുമായി വലിയൊരു ജനാവലിയാണ് ഈ അപൂർവ പ്രസവത്തിനായി ആശുപത്രിയിൽ കാത്തുനിന്നത്. ആക്രിക്കച്ചവടക്കാരനാണ് രേഖയുടെ ഭർത്താവായ റാം കൽബേലിയ. 17 തവണ പ്രസവിച്ചുവെങ്കിലും രേഖയുടെ അഞ്ചുകുട്ടികൾ ജനിച്ചയുടൻ മരിച്ചിരുന്നു.
ഏഴ് ആൺമക്കളും അഞ്ചു പെൺമക്കളുമാണ് ഇപ്പോൾ രേഖയ്ക്കുള്ളത്. ഇവരിൽ അഞ്ചുപേരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് രണ്ടും മൂന്നും കുട്ടികൾ വീതമുണ്ട്. നാടോടി കുടുംബമായ ഇവരെല്ലാം ഒരു മേൽക്കൂരയ്ക്കു കീഴിലാണ് താമസം.
ആക്രിക്കച്ചവടത്തിൽനിന്നു ലഭിക്കുന്ന തുച്ഛമായ തുക തികയാതെവന്നതോടെ ബാങ്കിൽനിന്ന് കടമെടുത്താണ് മക്കളിൽ പലരുടെയും വിവാഹം നടത്തിക്കൊടുത്തതെന്ന് കൽബേലിയ പറഞ്ഞു.
ഇത്രയധികം പ്രസവം നടന്നതിനാൽ രേഖയുടെ ഗർഭപാത്രം ദുർബലമായെന്നും വലിയ റിസ്കിലാണ് പ്രസവം നടന്നതെന്നും കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. റോഷൻ ദരംഗി പറഞ്ഞു.