പ്രതിപക്ഷ ഐക്യത്തിന് വോട്ട് യാത്ര കരുത്തായി
Tuesday, September 2, 2025 1:29 AM IST
പാറ്റ്ന: ബിഹാറിലെ വോട്ടവകാശ യാത്ര പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ പാർട്ടികളുടെ യോജിപ്പിനു വഴിയൊരുക്കി.
കോണ്‍ഗ്രസിനും ബിഹാറിൽ ശക്തമായ ആർജെഡിക്കും പുറമേ തൃണമൂൽ കോണ്‍ഗ്രസ്, ഡിഎംകെ, ശരദ് പവാറിന്റെ എൻസിപി, അഖിലേഷ് യാദവിന്റെ എസ്പി, യുബിടി ശിവസേന, സിപിഎം, സിപിഐ അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ തുടങ്ങിയവരുടെ ഉന്നത നേതാക്കളെല്ലാം യാത്രയിൽ പങ്കാളികളായി.
ബിഹാറിൽ രണ്ടു മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ആർജെഡി, കോണ്‍ഗ്രസ്, സിപിഐഎംഎൽ, സിപിഐ, സിപിഎം, വികാസ്ശീൽ പാർട്ടി തുടങ്ങിയ പാർട്ടികൾ ഉൾപ്പെടുന്ന മഹാസഖ്യം വിജയം നേടുമെന്ന് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജെഡിയു- ബിജെപി സഖ്യസർക്കാരിനെ താഴെയിറക്കുന്നതിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നു വോട്ടവകാശ യാത്ര തെളിയിച്ചുവെന്ന് മഹാഗഡ്ബന്ധൻ(വിശാലസഖ്യം) നേതാക്കൾ പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും അടക്കമുള്ള നേതാക്കൾ വോട്ടവകാശ യാത്രയിൽ പങ്കെടുത്തെങ്കിലും കേരള മുഖ്യമന്ത്രി പിണറായി വിജയൻ അസാന്നിധ്യം കൊണ്ടാണു ശ്രദ്ധേയനായത്.
പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ പിണറായി ഒഴികെയുള്ള എല്ലാ മുഖ്യമന്ത്രിമാരും രാഹുൽ ഗാന്ധിയോടൊപ്പം പങ്കുചേർന്നു.
എന്നാൽ, കേരളത്തിൽ ഇന്ത്യാ സഖ്യം നിലവിലില്ലെന്നും കോണ്‍ഗ്രസും സിപിഎമ്മും രണ്ടു ചേരികളിലായി നിന്നു പരസ്പരം മത്സരിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബിഹാറിലേക്കു വരാതിരുന്നതെന്നും കോണ്‍ഗ്രസ്, സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടി.